തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരനെ ദേവസ്വം ഓഫീസ് ജോലിയിലേക്ക് മാറ്റിനിയമിച്ചതിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഞായറാഴ്ച രാത്രി പങ്കുവെച്ച ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വേണുഗോപാലിന്റെ വിമര്‍ശനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനകരമായ തീരുമാനമാണിതെന്നും ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും ചാരത്തില്‍ പുതഞ്ഞ് സമൂഹത്തില്‍ കിടപ്പുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറിച്ചു.

To advertise here,

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താനെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണെന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ദേവസ്വം ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടു.


കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നടപടി അധാര്‍മികം -സ്വാമി സച്ചിദാനന്ദ

ശിവഗിരി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകത്തിനു പിന്നാക്ക സമുദായക്കാരനെ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങിയ തന്ത്രിമാരുടെ നടപടി അധാര്‍മികമാണെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ക്ഷേത്രത്തിലെ വൈദിക കര്‍മത്തിനെന്നല്ല മാലകെട്ടുന്നതിനുപോലും പിന്നാക്കക്കാരെ നിയമിക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നവര്‍ക്ക് ഇനിയും നേരംപുലര്‍ന്നിട്ടില്ല. പിന്നാക്കക്കാരനെ കഴകസ്ഥാനത്തുനിന്നു മാറ്റി ശുദ്ധിക്രിയ നടത്തിയെന്നു കേട്ടു. വാസ്തവത്തില്‍ അത് നടത്തിയവരുടെ ഹൃദയത്തിനാണ് ശുദ്ധിക്രിയ വേണ്ടത്. ക്ഷേത്രനിയമനങ്ങളില്‍ അയിത്തം ആചരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും സ്വതന്ത്രവും അല്ലാത്തതുമായ ചില ദേവസ്വങ്ങള്‍ ജാതിചിന്ത വെച്ചുപുലര്‍ത്തുന്നത് സ്വയംനാശത്തിനാണെന്ന് ഇവര്‍ അറിയുന്നില്ല. കോടതിവിധിയെപ്പോലും മാനിക്കാത്ത മാമൂല്‍ വിശ്വാസികളെ സര്‍ക്കാര്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.