തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. സസ്‌പെന്‍ഷന്‍ നടപടി തിങ്കളാഴ്ചക്കകം പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. അതേസമയം മെഡിക്കല്‍കോളേജ് അധികൃതര്‍ക്കെതിരേ കൃത്യവിലോപത്തിന് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസറിനേയും രണ്ട് ഹെഡ് നേഴ്‌സുമാരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ റിലേ നിരാഹാര സമരം തുടരുകയാണ്. ഇത് തിങ്കളാഴ്ച രാവിലെ വരെ തുടരും. അതേസമയം തിങ്കളാഴ്ച രാവിലെ വരെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ രാവിലെ രണ്ട് മണിക്കൂര്‍ കോവിഡ് ഇതര ഒ പി കള്‍ ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.

എന്നാല്‍ നാളെയും തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാര്‍ കോവിഡ് ഇതര ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം. അടിയന്തര ശസ്ത്രക്രിയാ വിഭാഗങ്ങളെ ഒഴിവാക്കും. ബാക്കിയുള്ള ഒ.പികളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം. നഴ്‌സുമാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ചതിനെതിരേ 50ഓളം ഡോക്ടര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. 

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനപരിശോധിക്കുകയുള്ളൂ എന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Content Highlights: Employee suspension Doctors in medical colleges moving for strike