ആനയുടെ ആക്രമണത്തിൽ തകർന്ന കെട്ടിടം
അരി തിന്നുന്ന ആനയോ എന്ന് അതിശയിക്കുന്നവരുണ്ടോ? അരി മാത്രമല്ല, ആട്ടയും പഞ്ചസാരയും ഒക്കെ തിന്നുന്ന രണ്ടാനകളുണ്ട് മൂന്നാര്‍ ശാന്തന്‍പാറയില്‍. അരിക്കൊമ്പനും ചക്കക്കൊമ്പനും. നാട്ടുകാര്‍ കണ്ടറിഞ്ഞിട്ട പേര്. റേഷന്‍കട ചവിട്ടിപ്പൊളിക്കുക എന്നതാണ് അരി കിട്ടാനായി കൊമ്പന്മാര്‍ കണ്ടെത്തുന്ന മാര്‍ഗം. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കാണ് ഈ ദുര്യോഗം. കഴിഞ്ഞ പത്തുദിവസത്തിനിടെ നാലുതവണയാണ് ആനകള്‍ റേഷന്‍കടയില്‍ വന്ന് 'അരി മോഷണം' നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണയും.
അരിക്കൊമ്പനും ചക്കക്കൊമ്പനും
ആളുകള്‍ ഉറങ്ങിക്കിടക്കുന്ന നേരത്തുവന്ന് റേഷന്‍കടയും വീടുകളും തകര്‍ത്ത് അരി തിന്നു മടങ്ങുന്നത് പതിവാക്കിയതോടെയാണ് അരിക്കൊമ്പന് ആ പേരുകിട്ടിയത്. ചക്കക്കൊമ്പന്‍ പക്ഷേ, അരിക്കമ്പക്കാരനായിരുന്നില്ല. ചക്കയോടായിരുന്നു പ്രിയം. അങ്ങനെയാണാ പേരു കിട്ടിയത്. എന്നാല്‍ ചക്കക്കൊമ്പനെ അരിക്കമ്പക്കാരനാക്കിയത് അരിക്കൊമ്പനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരിക്കൊമ്പന്റെ കൂടെ രാത്രിയിറങ്ങിവന്ന് അരി തിന്നു ശീലിച്ചതില്‍പ്പിന്നെ ചക്കക്കൊമ്പനും അരിയായി പ്രിയം. ഏതായാലും ഈ രണ്ട് കൊമ്പന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് റേഷന്‍കടയുടമ പി.എല്‍. ആന്റിനിയും കടയെ ആശ്രയിച്ചു കഴിയുന്ന പ്രദേശത്തുകാരും.
പഴക്കമുള്ള കെട്ടിടം
ആനകള്‍ ഇങ്ങനെ വന്ന് റേഷന്‍കട തകര്‍ക്കുന്നതിന്റെ സങ്കടം പറയുകയാണ് കടയുടമ പുളിക്കല്‍ പി.എല്‍. ആന്റിനി. ഓരോ തവണ ആന വന്ന് കട തകര്‍ക്കുമ്പോഴും അധികൃതരെക്കണ്ട് പരാതി പറയും. എന്നാല്‍ താത്കാലിക പരിഹാരം മാത്രമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെതാണ് ഭൂമി. അവരോട് ചെന്നു പറഞ്ഞാല്‍ താത്കാലികമായ ഒരടച്ചുറപ്പിനു വേണ്ടത് മാത്രം ചെയ്യും. ആന വന്ന് അത് പിന്നെയും തകര്‍ക്കും. അല്ലെങ്കില്‍ത്തന്നെ മേലെ ഷീറ്റിട്ട, പഴകിത്തേഞ്ഞ ഒരു കെട്ടിടമാണത്. ആന വന്ന് തകര്‍ത്തില്ലെങ്കില്‍പ്പോലും ഇപ്പോള്‍ വീഴും മട്ടില്‍ ആയുസ്സിന്റെ അവസാന നാളുകളെണ്ണിക്കഴിയുന്ന കെട്ടിടം. ഒരു കൊല്ലമായി ആന നിരന്തരം വന്ന് തകര്‍ത്തിട്ടും അടച്ചുറപ്പുള്ള ഒരു കെട്ടിടം ഇന്നും സ്വപ്‌നം മാത്രമാണ്.
ഒന്നരക്കിലോമീറ്റര്‍ അപ്പുറത്ത് തോണ്ടിമലയില്‍ ഹാരിസന്‍ ഉടമസ്ഥതയിലുള്ള കെട്ടിടം വേറെയുണ്ട്. അവിടെ കുറേക്കൂടി ആളുകള്‍ക്ക് വന്നുപോവാന്‍ സൗകര്യപ്രദമായ ഇടവുമാണ്. മാത്രമല്ല, റേഷന്‍കടയില്‍നിന്ന് അരി വാങ്ങുന്നവരില്‍ മിക്കയാളുകളും അവിടത്തുകാരും അതിനോട് ചേര്‍ന്ന സ്ഥലങ്ങളിലുള്ളവരുമാണ്. പക്ഷേ, റേഷന്‍കട അങ്ങോട്ട് മാറ്റി സ്ഥാപിക്കാമെന്നുവെച്ചാല്‍ നാട്ടുകാരും ജനപ്രതിനിധികളും അതിന് സമ്മതിക്കില്ല. കട പന്നിയാറില്‍നിന്ന് പോകുന്നതിനോട് അവര്‍ക്ക് എതിര്‍പ്പാണ്. ഇതിന്റെയെല്ലാംകൂടി ഇടയില്‍ പെട്ടുപോകുന്നത് കടയുടമയാണ്. പാതിരാത്രിയും വെളുപ്പിനുമൊക്കെയാണ് കൊമ്പന്മാര്‍ ഭക്ഷ്യവസ്തുക്കള്‍ തേടിയിറങ്ങാറ്. ഇതറിയുന്നതോടെ രണ്ടു കിലോമീറ്റര്‍ അപ്പുറം ചൂണ്ടലിലെ വീട്ടില്‍നിന്ന് എണീറ്റുവന്ന് അവയെ തുരത്തണം. പിന്നെ പുലരുംവരെ ടോര്‍ച്ചുംപിടിച്ച് കാവലിരിക്കണം. രാവിലെപ്പോയി അധികൃതരെക്കണ്ട് പരാതി പറയണം...
കടയോട് ചേര്‍ന്ന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ആന വ്യാപകമായി ഇറങ്ങുന്നത് കാരണം ഇവരുടെ ജീവിതവും അപകടത്തിലാവുകയാണ്. ഇവരാണ് ആനയിറങ്ങുന്നത് ആദ്യമറിയുക. തുടര്‍ന്ന് ആന്റിനിയെ വിളിച്ചറിയിക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു ആനയെത്തിയത്. ഭക്ഷ്യവസ്തുക്കളെല്ലാം മറ്റൊരിടത്തേക്ക് നീക്കിയതിനാല്‍ ഇത്തവണ നഷ്ടങ്ങളുണ്ടായില്ല. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് നീക്കുന്നതിന്റെ വണ്ടിക്കൂലിയും പോര്‍ട്ടിങ് ചാര്‍ജുമെല്ലാം ആന്റിനിയില്‍നിന്നാണ് പോകുന്നത്. ഈ നഷ്ടങ്ങളെല്ലാം സഹിച്ച് കട പ്രവര്‍ത്തിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയതാണെന്ന് ആന്റിനി പറയുന്നു. അവിടെയുംകൂടി ആന ഇറങ്ങിക്കഴിഞ്ഞാല്‍ വിഷയം സങ്കീര്‍ണമാകും. അതിനോടു തൊട്ടുചേര്‍ന്നാണ് തോട്ടം തൊഴിലാളികള്‍ താമസിക്കുന്നത്.
ആന ചവിട്ടിക്കൊന്ന വാച്ചര്‍ ആന്റിനിയെ രക്ഷിക്കാനുമെത്തി
രണ്ടുമാസം മുന്‍പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേല്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ദുഖത്തിലാണ് നാട്. ആനയിറങ്ങിയപ്പോള്‍ നേരത്തെ ശക്തിവേല്‍ സഹായത്തിനെത്തിയ കാര്യവും ആന്റിനി ഓര്‍മ്മിക്കുന്നു. എപ്പോള്‍ വിളിച്ചാലും വിളിപ്പുറത്ത് വന്നിരുന്നൊരു സഹായിയായിരുന്നു ശക്തിവേല്‍. പന്നിയാര്‍ എസ്റ്റേറ്റില്‍വെച്ച് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചക്കക്കൊമ്പനും അരിക്കൊമ്പനും ആളുകളെ കൊന്നിട്ടുണ്ടെന്നും ആന്റിനി പറഞ്ഞു. ചക്കക്കൊമ്പനാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരി.
കെട്ടുറപ്പുള്ള കെട്ടിടം വേണം
പകല്‍ ആനക്കൂട്ടങ്ങള്‍ ഇറങ്ങാറുണ്ടെങ്കിലും പ്രദേശത്ത് ഭീതി വിതക്കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കാറില്ല. ചക്കക്കൊമ്പനും അരിക്കൊമ്പനുമെല്ലാം ആനക്കൂട്ടത്തില്‍ ഉണ്ടാകും. എന്നാല്‍ രാത്രി 'ഇവ റേഷന്‍ കഴിക്കാനായി' കൂട്ടത്തില്‍നിന്നുവിട്ട് ഒറ്റയ്ക്കിറങ്ങാറാണ് പതിവ്. ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതരെ വീണ്ടുമറിയിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള കെട്ടിടവും അനുയോജ്യമായ ഒരിടവുമാണ് വേണ്ടത്. ഇനിയെങ്കിലും ഒരനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും ആന്റിനി പങ്കുവെച്ചു.
Content Highlights: elephants breakes the ration shop and eat rice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..