തൃശ്ശൂർ: തിരുവില്വാമലയിൽ ആനയിടഞ്ഞു. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. തിരുവില്വാമലയിലെ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ആനയാണിത്. വ്യാഴാഴ്ച ഉച്ചയോടെ കാഴ്ച ശീവേലി തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. നെറ്റിപ്പട്ടം കെട്ടി ക്ഷേത്രത്തിന് മുമ്പിലെത്തിയ ആന പെട്ടെന്ന് ഇടയുകയായിരുന്നു. 

ആനപ്പുറത്തുണ്ടായിരുന്ന കുനിശ്ശേരി സ്വാമിനാഥനെ കുലുക്കി താഴെയിട്ടു. താഴെ വീണ സ്വാമിനാഥനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഓടിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. നിസാര പരിക്കുകളോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇടഞ്ഞ ആനയെ ഒന്നര മണിക്കൂറിന് ശേഷമാണ് തളച്ചത്. പടിഞ്ഞാറെ നടയിലെത്തിയ ആന ദീപ സ്തംഭം മറിച്ചിട്ടു. കുന്നംകുളത്ത് നിന്ന് എലിഫെന്റ് സ്ക്വാഡും സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ തളച്ചത്. 

ഇതിനിടെ ആന ഇടഞ്ഞ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാതൃഭൂമി ലേഖകൻ സിജി ഗോവിന്ദനെ പാപ്പാന്മാർ കൈയേറ്റം ചെയ്തു. ഫോട്ടോ എടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിക്കാനും ശ്രമിച്ചു. 

Content Highlights: elephant violent at thiruvilwamala temple