പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അതിന്റെ പേരില്‍ കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മിണ്ടാപ്രാണിയുടെ മരണം വേദനാജനകമാണ്. നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിന്‍ നടക്കുന്നു. മലപ്പുറത്തല്ല, പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്. അതിന്റെ പേരില്‍ കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നത് ശരിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല.
മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളുമെല്ലാം ചേരുന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. എന്നാല്‍, ആന ചരിഞ്ഞ സംഭവത്തിന്റെ പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേടിയ ഖ്യാതി ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താനും കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. മനേക ഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെങ്കില്‍ അവര്‍ക്ക് തിരുത്താം. എന്നാല്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവര്‍ ബോധപൂര്‍വം പറഞ്ഞതാണെന്നുവേണം കരുതാനെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സ്‌ഫോടകവസ്തു വായയില്‍ പൊട്ടിത്തെറിച്ചാണ് മണ്ണാര്‍ക്കാട് ഗര്‍ഭാവസ്ഥയിലുള്ള ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ല മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ പ്രസിദ്ധമാണെന്നും അവര്‍ ആരോപിച്ചിരുന്നു.
Content Highlights: Elephant's death in Mannarkadu CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..