ധോണി ലീഡ് കോളേജിനും ഇന്ദിരാനഗറിനും സമീപത്ത് പി.ടി. 7 ആന കൂട്ടാളികളായെത്തിയ മറ്റ് രണ്ട് ആനകളെ നയിച്ച് റോഡിലൂടെ പോകുന്നു
പാലക്കാട്: ധോണി വനമേഖലയില്‍ തുടരുന്ന പി.ടി-സെവന് (പാലക്കാട് ടസ്കര്‍) എന്ന കാട്ടാന വെള്ളിയാഴ്ച രാത്രി വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. ചേറ്റില്‍വെട്ടിയ ഭഗവതിക്ഷേത്രത്തിനു പിറകിലാണ് രാത്രി പത്തരയോടെ ആനയെത്തിയത്. വയലിലേക്കിറങ്ങിയ ആന നെല്ല് തിന്നശേഷം, സമീപത്തെ വീടിനടുത്തേക്ക് പാഞ്ഞു. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ദ്രുതപ്രതികരണസേന ഉടന്‍ പടക്കംപൊട്ടിച്ചു. ഇതേത്തുടര്‍ന്ന് അരിമണി എസ്റ്റേറ്റിന് പിറകിലുള്ള വനഭാഗത്തേക്ക് ആന ഓടിക്കയറി.
ഇതിനിടെ സമീപത്തെ വീടിനോട് ചേര്‍ന്നുള്ള മരവും ആന കുത്തിമറിച്ചിട്ടു. ദിവസങ്ങളായി ധോണിയിലെ ജനങ്ങളെ വിറപ്പിക്കയാണ് പി.ടി.-സെവന് കൊമ്പന്. കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ പാടത്തിനു നടുവില്‍ തീക്കൂട്ടിയിട്ട് ഉറക്കമൊഴിച്ചിരിക്കുകയാണ്. കാട്ടാനയ്ക്കൊപ്പമുള്ള മോഴയാനയ്ക്കായി രാത്രിയും പരിശോധന തുടര്‍ന്നു.
കൂട്ടുപിരിയാതെ പി.ടി.7
പാലക്കാട്: ധോണിയെ വിറപ്പിക്കുന്ന 'പി.ടി. 7' (പാലക്കാട് ടസ്കര്‍ ഏഴാമന്) ആനയ്ക്കുപുറമേ കൂട്ടാനകളും ജനവാസമേഖലകളെ ലക്ഷ്യമിടുന്നത് തടയാന്‍ വനാതിര്‍ത്തിയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. പ്രത്യേക ദൗത്യസേനാസംഘം (ആര്.ആര്.ടി.) കുങ്കിയാനകള്‍ക്കൊപ്പം കാത്തിരിക്കുന്ന വഴികള്‍ എളുപ്പം തിരിച്ചറിഞ്ഞാണ് 'പി.ടി. 7' ആനയും കൂട്ടാനകളും ജനവാസമേഖലയിലെത്താന് മറ്റു വഴികള്‍ കണ്ടെത്തുന്നത്. അകത്തേത്തറ ഗ്രാമപ്പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെയുള്ള വാര്‍ഡുകളായ ധോണി, എന്‍ജിനിയറിങ് കോളേജ്, വടക്കേത്തറ, തെക്കേത്തറ എന്നിവ മലയോരമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളാണ്.
മുമ്പ് ഒരേ വഴിയിലൂടെ മാത്രം എത്തിയിരുന്ന ആനകള്‍ പുതിയ വഴികള്‍ കണ്ടെത്തിയതോടെ ഈ പ്രദേശങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ആനകളെത്താമെന്ന സ്ഥിതിയാണ്. ഒട്ടേറെ വീടുകളുള്ള ചെറാട് കോളനിയിലും ആളുകള്‍ ഭയന്നാണ് രാത്രി കഴിച്ചുകൂട്ടുന്നത്. മലമ്പുഴ ഡാം ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടവും സഞ്ചാരഗതിയില്‍ മാറ്റം വരുത്തി ധോണി വനാതിര്ത്തിയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കാട്ടില്‍ ആനകള്‍ക്ക് തീറ്റയും വെള്ളവും ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതടക്കമുള്ള ശാശ്വതപരിഹാരം വേണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു. വെള്ളിയാഴ്ച രാവിലെമുതല്‍ ധോണി വനത്തിലാണ് 'പി.ടി. 7' ആനയുള്ളതെന്ന് ഒലവക്കോട് വനം അസി. കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ബംഗ്ലാകാട് ഭാഗത്തുള്ള ആനയ്ക്ക് അധികം ദൂരെയല്ലാതെ കൂട്ടാനകളായി കൊമ്പനും പിടിയാനയുമുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം.
ആനകളെ പരമാവധി കാട്ടില്‍ത്തന്നെ നിര്‍ത്താനാണ് വനപാലകര്‍ ശ്രമിക്കുന്നത്. ധോണിയില്‍ വനംവകുപ്പ് ഓഫീസിന് സമീപത്തായി നിര്‍മിക്കുന്ന കൂടിനുള്ളില്‍ ആനയെ നിര്‍ത്തുന്ന ഭാഗത്ത് മണ്ണ് നിറയ്ക്കുന്ന ജോലിയാണ് വെള്ളിയാഴ്ച നടന്നത്. ഇത് ശനിയാഴ്ചയോടെ പൂര്‍ത്തിയാവുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Content Highlights: elephant pt7, palakkad, dhoni
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..