പത്തനംതിട്ട: പത്തനംതിട്ട വാര്യപുരത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. ആറുമണിക്കൂറോളം പ്രദേശം ഭീതിയുടെ മുള്‍മുനയില്‍ ആയെങ്കിലും ആനയെ പിന്നീട് തളച്ചു. ആന ഇടഞ്ഞ സമയത്ത് രണ്ടാംപാപ്പാന്‍ രവീന്ദ്രന്‍ ആനയ്ക്കു മുകളില്‍ ഉണ്ടായിരുന്നു. ആനയെ തളച്ചതിനു പിന്നാലെ രവീന്ദ്രനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. 

ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുക്കോട്ടെ മദനമോഹന്‍ എന്നയാളുടെ പുരയിടത്തില്‍ ആനയെ തടിപിടിക്കാന്‍ കൊണ്ടുവന്നത്. കുറച്ചുസമയത്തിനു ശേഷം ആന പാപ്പാന്റെ നിയന്ത്രണം മറികടക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അരക്കിലോമീറ്ററോളം ദൂരം ആന സഞ്ചരിച്ചു. ഈ സമയമത്രയും രവീന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. 

ഇതോടെ പ്രദേശവാസികള്‍ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് അടൂരില്‍നിന്ന് എലിഫന്റ് സ്‌ക്വാഡും കോന്നിയില്‍നിന്ന് റാപ്പിഡ് ആക്ഷന്‍ സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഏകദേശം ആറേകാലോടെ ആനയെ തളച്ചു. പ്രദേശത്തെ ഭീതിയില്‍ ആഴ്ത്തിയെങ്കിലും കാര്യമായ നാശനഷ്ടമൊന്നും ആന ഉണ്ടാക്കിയില്ല.

content highlights: elephant goes berserk in pathanamthitta