നടൂൽമുറ്റം കുറിച്യർ കോളനിയിലെ ഗ്രാമവാസികൾ
കോഴിക്കോട്: പനമരം പഞ്ചായത്തിലെ നീര്വാരത്തുനിന്നും കൊടുംകാട്ടിലൂടെ മൂന്ന് കിലോമീറ്ററോളം നടന്നാല്‍ നടൂല്മുറ്റം കുറിച്യര്‍ കോളനിയില്‍ എത്തും, നഗരത്തിന്റെ ബഹളങ്ങളൊന്നുമില്ലാത്ത കാടിന്റെ തണുപ്പുള്ള ഒരു ഗ്രാമം. കാപ്പിതോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ടുക്കിടക്കുന്ന വീടുകള്‍, രാത്രി വൈകുവോളം കൃഷി ഭൂമിയില്‍ അധ്വാനിക്കാന്‍ ഇഷ്ടപ്പെടുന്ന ജനത. സമാധനത്തോടെ ഊരുജീവിതം നയിച്ചിരുന്ന ഇവര്‍ രാത്രി സമാധാനത്തോടെ ഉറങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി.
ആനയാണ് ആദ്യം ഭീഷണിയായി എത്തിയത്. നെല്ല് ചവിട്ടിമെതിച്ച്, വാഴയും കവുങ്ങും പിഴുതെറിഞ്ഞ് കാപ്പിത്തോട്ടങ്ങളിലൂടെ ചവിട്ടി മെതിച്ച് ആനകള്‍ കൂട്ടമായി എത്തിത്തുടങ്ങി, എത്ര ബഹളം വെച്ചാലും മണിക്കൂറുകളോളം ആനകള്‍ ഇവരുടെ കൃഷി ഭൂമിയില്‍ തുടരും, മഴക്കാല രാത്രികളില്‍ ആനകളെ പേടിച്ച് കുടുംബത്തോടെ ഏറുമാടങ്ങളില്‍ കയറി ഇരിക്കേണ്ട സ്ഥിതിയായി, വൈകീട്ട് ആറ് മണിക്ക് കയറിയാല്‍ രാവിലെ ആറ് മണി വരെ ഏറുമാടത്തില്‍ ഇരിക്കും, ആന എല്ലാം ചവിട്ടി മെതിക്കുന്നത് കണ്ണീരോടെ നോക്കി നില്ക്കും.
.jpg?$p=79c0b37&&q=0.8)
വേനല്‍ക്കാലത്ത് ആനകള്‍ ഇവരുടെ പറമ്പുകളിലൂടെ രാപ്പകലില്ലാതെ നീര്‍ച്ചാലുകള്‍ തേടി ഇറങ്ങിത്തുടങ്ങി, അതോടെ സൈര്വ ജീവിതം നഷ്ടപ്പെട്ടു. നീര്‍വാരം സ്കൂളിലാണ് ഈ ഊരിലെ കുട്ടികള്‍ പഠിക്കുന്നത് രാവിലെ രക്ഷിതാക്കള്‍ പുറത്തിറങ്ങി വഴിലൊന്നും ആനയില്ലെന്ന് ഉറപ്പുവരുത്തിയാല്‍ സ്കൂളിലേക്കുള്ള ഓട്ടോ വരും, കുട്ടികളെ കൊണ്ടുപോകും, വൈകുന്നേരവും ഇതും തന്നെ ആവര്‍ത്തിക്കും. ഹയര്‍സെക്കന്‍ഡറി ക്ലാസിലെ കുട്ടികള്‍ക്ക് ഓട്ടോറിക്ഷയില്ല. മൂന്ന് കിലോമീറ്റര്‍ ദൂരം, രക്ഷിതാക്കള്‍ ഒപ്പം നടക്കും, മക്കളെ സ്കൂളില്‍ വിടും, വൈകുന്നേരവും ഇത് തന്നെ സ്ഥിതി.
നേരം വെളുത്താല്‍ കാര്‍ഷിക വിളകള്‍ തിന്നാന്‍ ആന മാത്രമല്ല കുരങ്ങുകളും വരും, വാഴയും നെല്ലും കവുങ്ങും കൃഷി ചെയ്ത് വരുമാനം ഇല്ലാതെ കടം കയറിവര്‍ വരുമാനം കണ്ടെത്താന്‍ ആടുകളേയും പശുക്കളേയും വാങ്ങി, അവയെ പോറ്റി ജീവിതം പട്ടിണി ആവാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഊരിലേക്ക് പുലിയിറങ്ങി തുടങ്ങിയത്, പിന്നാലെ കടുവയും കാടിറങ്ങി തുടങ്ങി. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഇവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെയാണ് ഇല്ലാതായത്. റേഷന്‍ കടയിലേക്കോ, പലചരക്കു കടയിലേക്കോ ബാങ്കിലേക്കോ ആശുപത്രിയിലേക്കോ അങ്ങനെ എവിടെ പോയാലോ കൂട്ടമായി മാത്രമേ ഇവര്‍ പുറത്തിറങ്ങൂ, വളരെ സൂക്ഷിച്ചേ വീടിന്റേ മുറ്റത്തേക്ക് പോലും ഇറങ്ങൂ. ഏത് നിമിഷമാണ് കടുവയോ പുലിയോ ചാടിവീഴുക എന്ന് ആര്‍ക്കറിയാം,
ഭീതിയോടെ നാളുകളെണ്ണി കഴിയുമ്പോള്‍ പണ്ട് കാലത്ത് ഊരിലെ ജീവിതം എത്രമനോഹരമായിരുന്നു എന്ന് ഓര്‍ത്തെടുകയാണ് രാമേട്ടന്. പ്രായം ഏഴുപതിനോട് അടുത്തു, ജനിച്ചതും വളര്‍ന്നതും ഈ മണ്ണില്‍. പണ്ട് പഴശ്ശിരാജക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത തന്റെ മുന്‍തലമുറയെ അഭിമാനത്തോടെ ഓര്‍ക്കുന്നു രാമേട്ടന്. കുറിച്യരുടെ പരമ്പരാഗത ആയുധമായ അമ്പും വില്ലുമാണ് യുദ്ധത്തിന് ഉപയോഗിച്ചിരുന്നത്. എല്ലാ വര്‍ഷവും തുലാമാസം പത്തിന് പുതിയ അമ്പും വില്ലും ഉണ്ടാക്കി തറവാട്ടില്‍ പൂജിച്ച ശേഷം കാട്ടില്‍ വേട്ടയ്ക്ക് പോയിരുന്നവരാണ് രാമേട്ടന്റെ മുന്‍തലമുറ, തുടര്‍ന്നുള്ള കാലങ്ങളിലും കൃഷിയിടങ്ങളിലേക്ക് എത്തുന്ന വന്യജീവികളെ ഓടിക്കാന്‍ അവര്‍ അമ്പും വില്ലും ഉപയോഗിച്ച് പോന്നു, പിന്നീട് മാറി വന്ന സര്‍ക്കാരുകള്‍ മൃഗസംരക്ഷണത്തിന് ഊന്നല്‍ നല്കിയപ്പോള് പരമ്പരാഗത ആയുധങ്ങള്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാതെ ആയി. എങ്കിലും അമ്പും വില്ലും കുറിച്യര്‍ കൈവിട്ടിട്ടില്ല. എല്ലാ തുലാപ്പത്തിനും പുതിയ അമ്പും വില്ലും ഉണ്ടാക്കും പൂജിച്ച് വീടിനകത്തു തന്നെ. ഊരിലെ പുരുഷന്മാര് മരിച്ചാല്‍ മൃതദേഹത്തിന് ഒപ്പം ഒരു അമ്പും അടക്കം ചെയ്യും. സ്ത്രീയാണെങ്കില്‍ ഒരു അരിവാളാണ് ഒപ്പം വെക്കുക.
ഇന്ന് ആനയും കടുവയും പുലിയും വീട്ടുമുറ്റത്തുകൂടെ പോലും ഓടി മറയുമ്പോള്‍ നെഞ്ചിടിപ്പോടെ നോക്കി നില്ക്കാനെ ഇവര്‍ക്ക് പറ്റൂ. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും എത്തുന്നത് തടയാന്‍ ഇലക്ട്രിക് ഫെന്‍സിങ്ങ് വേണമെന്ന് ഇവര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉള്ള ഫെന്‍സിങ്ങ് പലതും ആന നശിപ്പിച്ചതും പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. നടപടികള്‍ പക്ഷേ ഇപ്പോഴും അകലെയാണ്.
ഏതെങ്കിലും ജീവി ആക്രമിച്ചാലോ എതിനെങ്കിലും അസുഖം വന്നാലോ ആശുപത്രിയില്‍ എത്തിക്കുക അതിലേറെ പ്രയാസമാണ്. കാടിന് നടുവിലൂടെ മണ്ണ് ചെത്തിക്കോരി ഇവര്‍ സ്വയം വെട്ടിയെടുത്ത വഴിയാണ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. മഴക്കാലം ആയാല്‍ ചെളി പൂണ്ട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥായാവും പിന്നീട് എത്ര പൈസ കൊടുക്കാം എന്ന് പറഞ്ഞാലും ഒരു വണ്ടി പോലും ഈ വഴി വരില്ല, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ട് വന്ന മൃതദേഹം രാത്രി കിലോമീറ്ററുകളോളം ചുമലില്‍ ചുമന്ന് ഊരില്‍ എത്തിക്കേണ്ട ഗതികേടും ഇവര്‍ അനുഭവിച്ചിട്ടുണ്ട്. കുഴിയില്‍ വീഴാതെ നടക്കാന്‍ ഈ വഴിയൊന്ന് കല്ലിട്ടെങ്കിലും തരണമെന്ന് ഇവര്‍ അധികാരികളോട് മാറി മാറി അപേക്ഷിക്കുന്നുണ്ട്, പക്ഷെ വനഭൂമി എന്ന കുരുക്കില്‍ തട്ടി റോഡ് പണിയും ഇന്നോളം നടന്നിട്ടില്ല. ഉള്ള ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാനാണ് ഇവര്‍ക്ക് ഇപ്പോഴും ആഗ്രഹം, അധ്വാനിക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്, മൃഗങ്ങളുടെ വായില്‍ അകപ്പെടാതെ ജീവിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കനിയണമെന്നാണ് ഇവര്‍ക്ക് പറയാന്‍ ഉള്ളത്.
Content Highlights: elephant and wild animals attacks continues in nadumuttam village
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..