ബില്ലടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ KSEB-യോട് നഷ്ടപരിഹാരം തേടാം, നിയമമുണ്ട്‌


ടി.ജെ. ശ്രീജിത്ത്

*ഉത്തരവിറങ്ങി ഏഴുവര്‍ഷമായിട്ടും അപേക്ഷകര്‍ വിരളം *നഷ്ടപരിഹാരത്തെക്കുറിച്ച് അറിവില്ലാതെ ഉപഭോക്താക്കള്‍

വിദ്യാർഥികളായ സാനിയ, സജോ എന്നിവരുടെ വീട്ടിൽ ഉപ്പുതറ കെ.എസ്.ഇ.ബി. ജീവനക്കാർ വൈദ്യുതി എത്തിച്ചപ്പോൾ

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസം ഗോമതിയെന്ന അറുപത്തിയെട്ടുകാരിക്ക് വീടിനുള്ളില്‍ ഇരുട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്നത് രണ്ടു ദിവസമാണ്. വൈദ്യുതിബില്‍ അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി. ജീവനക്കാര്‍ ഫ്യൂസ് ഊരിയതാണ് കാരണം. തൊഴിലുറപ്പ് ജോലിയില്‍ നിന്നുള്ള വരുമാനമില്ലാതായതോടെയാണ് ബില്‍ തുകയായ 221 രൂപ അടയ്ക്കാതിരുന്നത്.

ഫ്യൂസ് ഊരിയ അന്നു രാത്രി തന്നെ വീടിനടുത്തുള്ള ഒരാള്‍ മുഖാന്തിരം ഓണ്‍ലൈനായി ഗോമതി പണമടച്ചു. പിറ്റേ ദിവസം സെക്ഷന്‍ ഓഫീസില്‍ വിളിച്ചറിയിച്ചിട്ടും ആരും വന്നില്ല. ഒടുവില്‍ രണ്ടു ദിവസത്തിന് ശേഷം നാട്ടുകാരാണ് ഫ്യൂസ് സ്ഥാപിച്ചത്. ഗോമതി ബില്‍ അടച്ചത് അറിഞ്ഞില്ലെന്നതാണ് കെ.എസ്.ഇ.ബി. കാരണമായി പറഞ്ഞത്. അടയ്ക്കാതിരുന്നത് കൃത്യമായി അറിയുകയും ഫ്യൂസ് ഊരുകയും ചെയ്തവര്‍ പണമടച്ചതും കൃത്യമായി അറിയേണ്ടതല്ലേ...! സത്യത്തില്‍ ഗോമതിക്ക് കെ.എസ്.ഇ.ബി.യോട് നഷ്ടപരിഹാരം തേടാം. അതിന് നിയമമുണ്ട്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ വൈകിയ ഓരോ ദിവസത്തിനും 50 രൂപ വീതം കെ.എസ്.ഇ.ബി. നല്‍കേണ്ടി വരും.

വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ വരെ ഓരോ ഉപഭോക്താവിനും നഷ്ടപിരഹാരം തേടാം. പക്ഷെ ഉത്തരവിറങ്ങി ഏഴുവര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കളെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. ഇതു സംബന്ധിച്ച് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തീരെ അറിവില്ലാത്തതാണ് കാരണം.

കേരളത്തിലെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായും ഉറപ്പാക്കേണ്ട സേവനങ്ങളുടെ നിലവാരം സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2015 ഡിസംബറില്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഉറപ്പാക്കേണ്ട മിനിമം സേവന നിലവാരത്തെയും അര്‍ഹമായ അവകാശങ്ങളെക്കുറിച്ചും ഉപഭോക്താവ് അറിഞ്ഞിരിക്കണം എന്നുള്ളതിനാലാണ് ഉത്തരവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ 1.34 കോടി ഉപഭോക്താക്കളുള്ള പ്രധാന ലൈസന്‍സി കെ.എസ്.ഇ.ബി.യാണ്. നഷ്ടപരിഹാര ഉത്തരവ് പ്രധാനമായും നടപ്പാക്കേണ്ടതും അവര്‍ തന്നെ.

ഉത്തരവ് പ്രകാരം ഫ്യൂസ് പോകല്‍ മുതല്‍ വോള്‍ട്ടേജ് വ്യതിയാനം, വൈദ്യുതി കണക്ഷന്‍ വരെയുള്ളവയുടെ വൈകലിന് ഉപഭോക്താവിന് നഷ്ടപരിഹാരം വാങ്ങാം. സേവനാവകാശം നിഷേധിക്കപ്പെട്ട് ഏഴു ദിവസത്തിനകം അപേക്ഷ നല്‍കണം. ഇതിന് 'ഫോം എ' എന്ന ഫോറം പൂരിപ്പിച്ച് അതാത് വൈദ്യുതി സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇത് രജിസ്റ്റര്‍ ചെയ്ത് പരാതിയുടെ നമ്പര്‍ ഉപഭോക്താവിന് പരാതിയുടെ നമ്പര്‍ നല്‍കണം. സേവനദാതാവ് 90 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരത്തുക പരാതിക്കാരന് നിലിവിലുള്ളതോ ഭാവിയില്‍ നല്‍കുന്നതോ ആയ വൈദ്യുതി ബില്ലില്‍ കുറവു ചെയ്യണം. നിശ്ചിതസമയത്തിനുള്ളില്‍ സേവനദാതാവ് തീരുമാനമെടുത്തില്ലെങ്കില്‍ പരാതി പരിഹാര ഫോറം തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാം.

പട്ടിക: ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ പ്രധാന സേവനസമയപരിധിയും

(സേവനസ്വഭാവം-സേവനസമയപരിധി-സമയപരിധി ലംഘനത്തിനുള്ള നഷ്ടപരിഹാര തുക എന്നീ ക്രമത്തില്‍)

1. വീടുകളിലെ വൈദ്യുതി തടസ്സപ്പെടല്‍ (കെ.എസ്.ഇ.ബി. നെറ്റ്വര്‍ക്കിലെ പ്രശ്നമാകണം, വൈകീട്ട് ആറുമണി മുതല്‍ എട്ടുമണിവരെയുള്ള സമയം കണക്കാക്കില്ല) -
നഗരങ്ങള്‍/പട്ടണങ്ങള്‍ - 6 മണിക്കൂര്‍ - 25 രൂപ വീതം
ഗ്രാമങ്ങള്‍ - 8 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ - 10മണിക്കൂര്‍

2. വൈദ്യുതി ലൈന്‍ ബ്രേക്ക് ഡൗണ്‍ -
നഗരങ്ങള്‍/പട്ടണങ്ങള്‍ - 8 മണിക്കൂര്‍ - 25 രൂപ വീതം
ഗ്രാമങ്ങള്‍ - 12 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ - 16 മണിക്കൂര്‍

3. വൈദ്യുതി ലൈന്‍ ബ്രേക്ക്ഡൗണ്‍ (ഭൂഗര്‍ഭ കേബിള്‍)
നഗരങ്ങള്‍/പട്ടണങ്ങള്‍ - 24 മണിക്കൂര്‍ - 25 രൂപ വീതം
ഗ്രാമങ്ങള്‍ - 48 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ - 48 മണിക്കൂര്‍

4. വിതരണ ട്രാന്‍സ്ഫോര്‍മാര്‍ തകരാര്‍
നഗരങ്ങള്‍/പട്ടണങ്ങള്‍ - 24 മണിക്കൂര്‍ - 25 രൂപ വീതം
ഗ്രാമങ്ങള്‍ - 36 മണിക്കൂര്‍
എത്താന്‍ പ്രയാസമുള്ള ഇടങ്ങള്‍ - 48 മണിക്കൂര്‍

5. ലോഡ്ഷെഡ്ഡിങ് ഒഴികെയുള്ള മുന്നറിയിപ്പോടെയുള്ള വൈദ്യുതി മുടക്കം (24 മണിക്കൂര്‍ മുമ്പേ അറിയിക്കണം) - ദിവസം 10 മണിക്കൂറില്‍ കൂടുവാന്‍ പാടില്ല - 25 രൂപ

6. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ - പരാതി ലഭിച്ച് ഏഴു ദിവസത്തിനകം - 25 രൂപ

7. വൈദ്യുതി ശൃംഖലയില്‍ മാറ്റം ആവശ്യമാണെങ്കില്‍ - 120 ദിവസത്തിനകം - 25 രൂപ

8. പുതിയ കണക്ഷനുള്ള അപേക്ഷ - പൂര്‍ണമായ അപേക്ഷ ലഭിച്ചതു മുതല്‍ ഒരുമാസം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

9. താത്കാലിക കണക്ഷന്‍ (നിലവിലുള്ള വൈദ്യുതി ശൃംഖലയില്‍നിന്നും കണക്ഷന്‍ നല്‍കാവുന്നത്) - ചെലവും മുന്‍കൂര്‍ ചാര്‍ജ്ജും അടച്ച തീയതി മുതല്‍ മൂന്ന് ദിവസത്തിനകം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 100 രൂപ

10. സര്‍വീസ് കണക്ഷന്‍/ഉടമസ്ഥാവകാശം മാറ്റുന്നതിന് - ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ കൈപ്പറ്റിയ തീയതിമുതല്‍ 15 ദിവസം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

11. തര്‍ക്കബില്ലുകള്‍ - പരാതി ലഭിച്ച അതേദിവസം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ

12. വൈദ്യുതി ബില്ലടയ്്കുന്നതില്‍ വീഴ്ചവരുത്തിയതിന് വിച്ഛേദിക്കുന്ന കണക്ഷനുകള്‍ പുനഃസ്ഥാപിക്കല്‍ - പണമടച്ച് 24 മണിക്കൂറിനകം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 രൂപ
13. മീറ്റര്‍ പരിശോധനയും മീറ്റര്‍ തകരാര്‍ പരിഹരിക്കലും - പരാതിലഭിച്ച് 5 ദിവസത്തിനകം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ

14. എല്‍.ടി. ഫാള്‍ട്ടി മീറ്റര്‍ മാറ്റുന്നതിന് - തകരാര്‍ കണ്ടെത്തിയ ദിവസം മുതല്‍ ഏഴു ദിവസത്തിനകം - സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 25 രൂപ

നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ട മാതൃക
ഫോറം എ-
1. ഉപഭോക്താവിന്റെ പേര്:
2. വിലാസം:
3. കണ്‍സ്യൂമര്‍ നമ്പര്‍:
4. പരാതിയുടെ സ്വഭാവം (ലഘുവിവരണം):
5. പരാതി നമ്പര്‍:
6. പരാതി സമര്‍പ്പിച്ച തീയതിയും സമയവും:
7. പരാതിയിന്‍മേല്‍ ലൈസന്‍സി കൈക്കൊമ്ട നടപടിയും തീയതിയും സമയവും:
8. സേവനനിലവാര ചട്ടപ്രകാരം പരാതി പരിഹരിക്കാന്‍ ലൈസന്‍സിക്ക് അനുവദിച്ച കാലാവധി:
9. പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ ലൈസന്‍സി എടുത്ത യഥാര്‍ഥ സമയം:
10. സേവനനിലവാരം ചട്ടപ്രകാരം ലൈസന്‍സിയുടെ വീഴ്ചയ്ക്ക് പരിഹാരമായി ചുമത്തവുന്ന തുക:

സ്ഥലം:
തീയതി:
ഒപ്പ്:

ശ്രദ്ധിക്കേണ്ടത്: നഷ്ടപരിഹാരത്തിനുള്ള സമയം പരാതി ലഭിച്ചതുമുതലാണ് കണക്കാക്കുക. ഇതനാല്‍ സെക്ഷന്‍ ഓഫീസില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ കെ.എസ്.ഇ.ബി. കോള്‍ സെന്റര്‍ നമ്പറുകളായ 1912, 0471-2555544 എന്നിവയില്‍ വിളിച്ചു പറയണം. അതോടെ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും.

Read More: ബില്ലടയ്ക്കാൻ വൈകിയതിന് ഫ്യൂസൂരി; ബില്ലടച്ചിട്ടും വയോധിക രണ്ടുദിവസം ഇരുട്ടിൽ

Content Highlights: Electricity compensation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented