ഇലക്ട്രിക് കാറുമായി സർവകലാശാലാ ഭരണകാര്യാലയത്തിന് മുന്നിൽ ജീവനക്കാരുടെ സംഘം
കോഴിക്കോട്: ഇന്ധനവില പോക്കറ്റ് കാലിയാക്കിത്തുടങ്ങിയപ്പോള് അവര്‍ അഞ്ചു പേര് ചേര്‍ന്നൊരു തീരുമാനമെടുത്തു. പഴയ പെട്രോള്‍ കാര്‍ കൊടുത്ത് ഇലക്ട്രിക് പുറത്തിറക്കാം. കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരായ അഞ്ച് സുഹൃത്തുക്കളാണ് ഓഫീസ് യാത്രക്ക് വേണ്ടി മാത്രമായി പുതിയൊരു കാര്‍ വാങ്ങിയത്.
ഭരണവിഭാഗത്തിലെ ജീവനക്കാരായ പി. ജിതിന് നാഥ്, വി.സി. ശ്യാം ലാല്‍, പരീക്ഷാഭവന് ജീവനക്കാരായ എ.ജി. നിധിന് ലാല്‍, പി.എം. അയൂബ്, സി.കെ. നിഷാദ് എന്നിവരുടേതാണ് പുതിയ ചുവടുവെപ്പ്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലും പരിസരത്ത് നിന്നുമായി വരുന്നവരാണിവര്‍. വീട്ടില്‍ നിന്ന് ആദ്യം ബാലുശ്ശേരിയിലേക്കും പിന്നെ കോഴിക്കോട്ടേക്കും അവിടെ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് ബസ്സിലായിരുന്നു ഇവരുടെ യാത്ര. പലപ്പോഴും ഓഫീസ് സമയത്തിനെത്താനായി ബസ്സിറങ്ങിയാല്‍ ഓട്ടോയും വിളിക്കേണ്ടി വരും. ചുറ്റിവളഞ്ഞുള്ള യാത്രയും അതിനെടുക്കുന്ന സമയവും സാമ്പത്തിക നഷ്ടവുമൊക്കെ ഒഴിവാക്കാനായി ഇവര്‍ ആദ്യം പഴയൊരു കാറാണ് വാങ്ങിയത്. 2017-ലാണ് ആദ്യമായി കൂട്ടുചേര്‍ന്നുള്ള യാത്രയുടെ തുടക്കം. ഒരുലക്ഷം രൂപയ്ക്ക് അന്നു വാങ്ങിയ മാരുതി സെന്‍ കാറിലെ യാത്ര നാല് വര്‍ഷം തുടര്‍ന്നു. അഞ്ചുപേര്‍ക്കും തുല്യാവകാശമുള്ള ഈ കാറിന് 'പാഞ്ചാലി' എന്നാണ് സഹപ്രവര്ത്തകരിട്ട ചെല്ലപ്പേര്.
ഇന്ധനവിലെ ഉയര്‍ന്നപ്പോള്‍ പ്രതിമാസം 21000 രൂപ വരെ ചെലവു വരാന്‍ തുടങ്ങി. അപ്പോഴാണ് ഇലക്ട്രിക് വാഹനമെന്ന ആശയം ഉയര്‍ന്നത്. അങ്ങനെ അഞ്ചുപേരും ചേര്‍ന്ന ടാറ്റ കമ്പനിയുടെ ഇ.വി. ടിഗോര്‍ സ്വന്തമാക്കി. 14.34 ലക്ഷമാണ് വില. പഴയകാറിന്റെ വിലയും സബ്സിഡിയും കിഴിച്ച് 13.75 ലക്ഷം രൂപ ചെലവായി. നിധിൻ ലാലിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തത്.
അരലക്ഷം രൂപ വീതമാണ് ഓരോരുത്തരുടെയും വിഹിതം. ബാക്കി തുക പ്രതിമാസ തവണകളായി പങ്കിട്ടടയ്ക്കുന്നു. ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും ഇല്ല. ഇന്ധനലാഭം. ഓട്ടോമാറ്റിക്കായതിനാല് ഓടിക്കാനും സുഖം. ഒരു ദിവസം ഓഫീസിലേക്കും തിരിച്ചു വീടുകളിലേക്കുമായി 115 കി.മീ. ആണ് ഇവരുടെ യാത്ര. 250 കി.മീ. വരെ ഫുള്‍ചാര്‍ജില്‍ ഓടാനാകും. പ്രതിമാസ തവണയും കറണ്ട് ചാര്‍ജും ചേര്‍ന്നാലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ ലാഭമാണ് പുത്തന്‍ കാറിലെ യാത്രക്കെന്ന് ഇവര്‍ പറയുന്നു. ചെലവുകളെല്ലാം കൃത്യമായി ഡയറിയില്‍ എഴുതി സൂക്ഷിക്കുന്നതും തുല്യമായി പങ്കിടുന്നതുമടക്കമുള്ള സാമ്പത്തിക അച്ചടക്കമാണ് കൂട്ടായ്മയുടെ വിജയമെന്ന് ജിതിന് നാഥ് പറഞ്ഞു.
പെട്രോള്‍-ഡീസല്‍-എല്‍.പി.ജി. കാറുകളെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം കുറഞ്ഞതും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളാത്തതുമായതിനാല് സര്‍വകലാശാലയുടെ ഹരിതനയത്തിന് അനുകൂലമാണ് ഇത്തരം മാതൃകയെന്ന് ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..