തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കോവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നടപടിക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്., ബി.ജെ.പി. നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. മൂന്നാംഘട്ട പ്രചരണം അവസാനിക്കുന്നതിന് മിനുട്ടുകള്‍ മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് ബോധ്യപ്പെടണം. അതിനു വേണ്ടി മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരിട്ട് രേഖാമൂലം വിശദീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖാമൂലം നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം, ഈ വിഷയത്തിലെ പരാതി നിലനില്‍ക്കുന്നതാണോ തുടര്‍നടപടികള്‍ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുക്കും.

മറുപടി നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് സമയപരിധി വെച്ചിട്ടില്ല. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷന് തോന്നുന്നുവെങ്കില്‍, ചട്ടലംഘനത്തിന് സ്വീകരിക്കേണ്ട നടപടികളിലേക്ക് കമ്മിഷന്‍ കടക്കും. താക്കീത് അല്ലെങ്കില്‍ കടുത്ത നടപടികളും സ്വീകരിച്ചേക്കാം. അതേസമയം മന്ത്രി എ.സി. മൊയ്തീന്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇനി തുടര്‍ നടപടികള്‍ ഉണ്ടാവുകയില്ല. ഏഴുമണി ആയിരുന്നു എന്ന ജില്ലാ കളക്ടറുടെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.

content highlights: election commission seeks explanation from pinarayi vijayan over free covid vaccine announcement