തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം.

ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഇ. ശ്രീധരന്‍. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്റെയും കെ.എസ്. ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു. 

എന്നാല്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ ഇ. ശ്രീധരന് നിഷ്പക്ഷതയില്ലാതായി. അതു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കത്തിലൂടെ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ശ്രീധരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുള്ള സ്വാഭാവിക നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

content highlights: Election commission removes E Sreedharan's images from posters