തിരുവനന്തപുരം : ഔദ്യോഗിക വെബ്‌സൈറ്റിലെ തദ്ദേശ തിരഞ്ഞെടുപ്പു ഫലങ്ങള്‍ തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് നീക്കം ചെയ്ത് മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്. 

വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചിലമേഖലകളില്‍ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അങ്ങനെ വന്നപ്പോള്‍ 35 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 45 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും എന്ന രീതിയിലുള്ള കണക്കുകള്‍ വന്നത്.  ഈ കണക്കുകള്‍ തെറ്റായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പാസ് വേഡുകള്‍ നല്‍കിയെങ്കിലും സാങ്കേതിക പ്രശ്‌നം പരിഹരിക്കാനായില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം എന്നുള്ളത് നീക്കി പകരം വിജയിച്ച വാര്‍ഡുകളുടെ എണ്ണം നല്‍കി. 

3077 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 1167 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. 1172 ഇടത്ത് യുഡിഎഫും വിജയിച്ചു. മറ്റുള്ളവര്‍ 414 ഇടത്തുണ്ട്. അതില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വതന്ത്രര്‍ ഉള്‍പ്പെടും. അതുകൊണ്ട് 35, 45 എന്ന മുന്‍സിപ്പാലിറ്റികളുടെ കണക്കില്‍ മാറ്റം വരും. ജില്ലാ തലത്തിലെ  വിവരങ്ങള്‍ കൂടി ശേഖരിച്ച് മാത്രമെ അന്തിമ കണക്കുകള്‍ പുറത്തുവിടാനാകു. ചില സ്ഥലങ്ങളില്‍ തൂക്ക് സഭകളാണ്  അവിടെ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. 

Content Highlight: Election Commission corrected results in website