കോഴിക്കോട്: എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ അന്വേഷണം. വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എം.കെ. രാഘവനെതിരേ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ആരോപണം ഉയര്‍ന്നത്. ടിവി 9 ചാനല്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തി എം.കെ. രാഘവന്റെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിടുകയായിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എം.കെ. രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരാതി ലഭിക്കുകയും വിജിലന്‍സ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തത്.

2014 തിരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. എം. കെ. രാഘവന്‍ എം.പിയായതിനല്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന മറുപടിയെതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.

content highlights: Election Bribe case, Vigilence register case against MK Raghavan MP