പൊടിയനും ഭാര്യയും| Photo: Mathrubhumi news screengrab
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വയോധിക ദമ്പതികളോട് മകന്റെ കൊടുംക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ പ്രായമായ അച്ഛനെയും അമ്മയെയും മകന് ദിവസങ്ങളോളം മുറിയില്‍ ഒറ്റപ്പെടുത്തി.
അവശനായ അച്ഛന് ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഉള്‍പ്രദേശമാണ് അസംബനി. ഇവിടുത്തെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു കൊടുംക്രൂരത നടന്നത്.
മാസങ്ങളായി പൊടിയനെയും ഭാര്യയെയും വീടിനകത്തെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഇളമകന്‍ റെജിയുടെ ഒപ്പമായിരുന്നു പൊടിയന്റെയും ഭാര്യയുടെയും താമസം. മദ്യപാനിയായ റെജി, മാതാപിതാക്കളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുന്ന ആളുമാണെന്നാണ് വിവരം.
പൊടിയനെയും ഭാര്യയെയും ആരെങ്കിലും സഹായിക്കുന്നത് തടയുന്നതിനു വേണ്ടി റെജി ഇവരുടെ മുറിയിലെ കട്ടിലിനു സമീപത്തായി നായയെ കെട്ടിയിട്ടിരുന്നു. നായയ്ക്ക് ഭക്ഷണം നല്കിയാല് പോലും ഇയാള്‍ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. നാലും അഞ്ചും ദിവസം പഴക്കമുള്ള ഭക്ഷണമാണ് പലപ്പോഴും ഇയാള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നത്.
ചൊവ്വാഴ്ച ആശാ പ്രവര്‍ത്തകരും പാലിയേറ്റീവ് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയപ്പോളാണ് ദുരവസ്ഥ പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് പൊടിയനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.
പൊടിയന്റെ ഭാര്യക്ക് മാനസിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പിള്ളി ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച രാത്രിയോടെ പൊടിയന് മരിച്ചു. ഇതോടെയാണ് വാര്‍ത്ത പുറത്തെത്തുന്നത്. റെജിക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
content highlights: elderly couple illtreated by son in kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..