ഇലന്തൂരിലെ ഓട്ടോതൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയ്യപ്പെട്ടവന്‍; കാവലായ 'ഫ്രാങ്കോ' ഇനിയില്ല


കെ.ആർ.അഖിൽ പ്രസാദ്

ഇലന്തൂരിന്റെ പകൽ ആരംഭിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഇരുട്ട് പടരുമ്പോഴും കാവലായിരുന്നു അവൻ. എന്നാൽ, തലച്ചോറിലെ വൈറസ് ബാധയെത്തുടർന്ന് ഒരുമാസമായി അവശനിലയിലായിരുന്ന ഫ്രാങ്കോ തിങ്കളാഴ്ച രാവിലെ ചത്തു.

ഫ്രാങ്കോ

ഇലന്തൂർ: സമ്പർക്ക വിലക്ക് പിൻവലിക്കുന്ന സമയത്താണ് ഫ്രാങ്കോ ഇലന്തൂർ ടൗണിലെത്തുന്നത്. തവിട്ടും വെള്ളയും കലർന്ന നിറം, നീണ്ട ചെവികൾ, കൗതുകം തോന്നുന്ന മുഖം. എല്ലാവരോടും ഇണങ്ങുന്ന പ്രകൃതമുള്ള അവൻ ഓട്ടോറിക്ഷ തൊഴിലാളികളുടെ സുഹൃത്തായി മാറി. പതിയെ പതിയെ അവിടെയെത്തിയ ഓരോരുത്തരും അവന്റെ പ്രിയപ്പെട്ടവരായി. ഇലന്തൂരിന്റെ പകൽ ആരംഭിക്കുമ്പോഴും അസ്തമിക്കുമ്പോഴും ഇരുട്ട് പടരുമ്പോഴും കാവലായിരുന്നു അവൻ. എന്നാൽ, തലച്ചോറിലെ വൈറസ് ബാധയെത്തുടർന്ന് ഒരുമാസമായി അവശനിലയിലായിരുന്ന ഫ്രാങ്കോ തിങ്കളാഴ്ച രാവിലെ ചത്തു. പക്ഷേ, ആ ജീവൻ തിരിച്ചുപിടിക്കാൻ ഒരുനാട് കൈകോർത്ത് നടത്തിയ ശ്രമങ്ങൾ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല കഥയായി എഴുതപ്പെടും.

ആ സൗഹൃദത്തിന്റെ കഥ ഇങ്ങനെ...ഇലന്തൂരിലെത്തിയശേഷം കടത്തിണ്ണകളിലും ഓട്ടോസ്റ്റാൻഡിലുമാണ് അവൻ താമസമാക്കിയത്. ഭക്ഷണം കിട്ടാതെ എല്ലും തോലുമായി കിടക്കുമ്പോഴാണ് ഓട്ടോ തൊഴിലാളികളായ അനിലും പ്രിൻസും ശ്രദ്ധിക്കുന്നത്. ചത്തുകിടക്കുകയാണെന്നാണ് ആദ്യം കരുതിയത്- അനിൽ പറഞ്ഞു. അനക്കമുണ്ടെന്നറിഞ്ഞപ്പോൾ കുടിക്കാൻ വെള്ളം ഒഴിച്ചുകൊടുത്തു. ബിസ്കറ്റ് പൊടിച്ചുകൊടുത്തു. വീട്ടിൽ പോയി വന്ന ഡ്രൈവർമാരിലാരോ പൊതിച്ചോറും നല്കി. എന്നിട്ടും എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞത് പിറ്റേദിവസമാണെന്ന് പ്രിൻസ് പറയുന്നു. പിന്നെയവരെ ചുറ്റിപ്പറ്റിയായി ജീവിതം. എല്ലാവരും ചേർന്നവന് ഫ്രാങ്കോയെന്ന് പേരുമിട്ടു.

പിന്നെയവൻ നഗരത്തിന്റെ സ്നേഹമായി. ടൗണിലെ കടക്കാരുടെയും ബസ് കയറാനെത്തുന്ന കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ടവനായി. എന്നും രാവിലെ ചൂടുള്ള പത്രവാർത്തകളുമായെത്തുന്ന ഏജന്റ് രമാദേവി അവനായി ചൂട് പറക്കുന്ന ആഹാരവും കൈയ്യിൽ കരുതും. ടൗണിലെത്തുന്നവരിൽ‌ ചിലർ അവനായി പൊറോട്ടയും പലഹാരങ്ങളും പൊതിച്ചോറും നൽകി. വീട്ടിൽനിന്ന് കൊടുത്തു വിടുന്ന ഭക്ഷണത്തിനൊപ്പം ഓട്ടോറിക്ഷ സുഹൃത്തുക്കളുടെ സഞ്ചിക്കുള്ളിൽ ഫ്രാങ്കോയ്ക്കുള്ള കരുതലുമുണ്ടാകും. അവിടംകൊണ്ടും തീർന്നില്ല. സമയം തെറ്റാതെ മൃഗാശുപത്രിയിലെത്തിച്ച് അവർ കുത്തിവെയ്പ് എടുത്തു. വിശ്രമിക്കാൻ സ്ഥലമൊരുക്കി. സ്നേഹത്തിന്റെ ലാളനകൾ നൽകി.

ഒരു മാസം മുൻപാണ് ശാരീരികപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. കൈവിടാൻ കഴിയില്ലെന്ന് ഉറപ്പിച്ച ഓട്ടോ സുഹൃത്തുക്കൾ ചേർന്ന് പത്തനംതിട്ട ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. കൂടുതൽ ചികിത്സയ്ക്കായി പിന്നെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലും. ദിവസം 300 രൂപയുടെ മരുന്നു വേണമായിരുന്നു. ഓട്ടത്തിൽനിന്ന് മിച്ചംപിടിക്കുന്ന തുകകൊണ്ട് അവർ അവനെ ചേർത്തുപിടിച്ചു. ഓട്ടോ സ്റ്റാൻഡിന് സമീപം വിശ്രമിക്കാൻ ഇടമൊരുക്കി. പക്ഷേ, കനൈൻ ഡിസ്റ്റെമ്പർ (നായ്ക്കളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് ബാധ) മൂർച്ഛിച്ചതിനാൽ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. പ്രതീക്ഷയറ്റെങ്കിലും തളരാതെ, പറ്റുന്ന വഴികളിലെല്ലാം അവർ ചികിത്സിച്ചുകൊണ്ടേയിരുന്നു. പക്ഷേ, തിങ്കളാഴ്ച അവൻ വിടപറഞ്ഞു.

Content Highlights: elanthoor town franko dog died of brain disease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented