ലൈല | ഫയൽചിത്രം | മാതൃഭൂമി
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ് ലിന് എന്നിവരെ നരബലി ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍, ലൈലയുടെ ആവശ്യം കോടതി നിരാകരിച്ചു.
ജാമ്യം നല്കിയാല് അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരായ മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്ക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് അന്ന് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി അന്ന് ജാമ്യം അനുവദിച്ചില്ല.
ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. റോസ്ലിന്, പത്മ എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വെട്ടിനുറുക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു.
ഇലന്തൂരിലെ തിരുമ്മുവൈദ്യനാണ് ഭഗവല്‍ സിങ്. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
Content Highlights: elanthoor human sacrifice case high court rejects laila bail plea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..