അഭിലാഷും അഭിരാജും, രക്ഷാപ്രവർത്തനം | Photo: Screen grab/ Mathrubhumi News
പത്തനംതിട്ട: ഇളകൊള്ളൂരില്‍ രണ്ടുകുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുമ്പഴ സ്വദേശികളായ അഭിരാജ് (16), അഭിലാഷ് (17) എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്ക് ശേഷം വെട്ടൂര്‍ ഇല്ലത്ത് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
സുഹൃത്തുക്കളായ ഏഴുപേരാണ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറിങ്ങിയത്. തങ്ങള്‍ എത്തുമ്പോള്‍ അഞ്ചുപേര്‍ കരയിലുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ പറഞ്ഞു. ഒഴുക്കില്‍പ്പെട്ട അഭിരാജിനെ രക്ഷിക്കാന്‍ അഭിലാഷ് പുഴയിലിറങ്ങുകയായിരുന്നു. അഭിരാജിന് നീന്തലറിയുമായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവെച്ച് ആളെക്കൂട്ടി. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇരുവരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘവുമെത്തി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന് തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂന്നാള്‍പ്പൊക്കത്തില്‍ ആഴമുള്ള ഭാഗത്ത് ചുഴിപോലെ രൂപപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലമാണെന്ന് പശുവിനെ മേയ്ക്കാനെത്തിയ പ്രദേശവാസികളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. പത്തനംതിട്ട നഗരസഭയില്‍ 19-ാം വാര്‍ഡ് കുമ്പഴ അതിച്ചന്നൂര്‍ കോളനിയില്‍, സഹോദരങ്ങളുടെ മക്കളാണ് മരിച്ച അഭിരാജും അഭിലാഷും.
Content Highlights: elakolloor pathanamthitta achankovil river two boys dies abhilash abhiraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..