ഇകെ വിജയനും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയും സംസാരിക്കുന്നു
തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ കൂടിയായ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്. എംഎം മണി സഭയില്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ ഇകെ വിജയനാണ് സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്നത്.
മണിയുടെ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സംഭവം. പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ നായരെ അടുത്തേക്ക് വിളിച്ചാണ് ഇകെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
ഒരു മിനിറ്റ് എന്നുപറഞ്ഞിട്ടാണ് പ്രൈവറ്റ് സെക്രട്ടറിയെ ഇകെ വിജയന്‍ അടുത്തേക്ക് വിളിക്കുന്നത്. 'ശരിക്കും പറഞ്ഞാല്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ' എന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം. സ്പീക്കര്‍ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലേക്ക് പോകാന്‍ പറയെന്നും പ്രൈവറ്റ് സെക്രട്ടറി ഇകെ വിജയനോട് പറയുന്നതും വിഡോയോയില്‍ കേള്‍ക്കാം. ഇതിനുശേഷമാണ് സ്പീക്കര്‍ എം.ബി രാജേഷ് ചെയറിലേക്കെത്തിയത്.
മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് നിലപാടെടുത്തിരുന്നു. അതിനിടെയാണ് വിവാദം നടക്കുന്ന സമയത്ത് സഭയെ നിയന്ത്രിച്ചിരുന്ന ഇകെ വിജയന്‍ മണിയെ തള്ളിപ്പറയുന്ന വീഡിയോ പുറത്തുവന്നത്. ചെയര്‍ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് എംഎം മണി പറഞ്ഞത് മോശം പരാമര്‍ശമാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..