കോഴിക്കോട്: വ്രതശുദ്ധിയുടെ പകലിരവുകള്‍ക്കൊടുവില്‍ മുസ്ലിം സമൂഹം ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍.

കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്. മലബാറിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. പ്രാര്‍ഥനയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നു. 

തിരുവനന്തപുരത്ത് പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക്‌ പാളയം ഇമാം വി.പി ശുഹൈബ് മൗലവി നേതൃത്വം നല്‍കി. മണക്കാട് വലിയപള്ളിയിലും പുത്തരിക്കണ്ടം മൈതാനിയിലും ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. മഴയില്ലാതിരുന്നതിനാല്‍ പള്ളികള്‍ക്ക് പുറത്ത് സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

കൊച്ചിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. മസ്ജിദുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഈദ് നമസ്‌കാരങ്ങളില്‍ പങ്കെടുത്തു. കൊച്ചിയില്‍ കടവന്ത്ര ജുമാമസ്ജിദില്‍ നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

ontent Highlights: Eid ul-Fitr celebrations kerala