-
തിരുവനന്തപുരം:പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിമാത്രമേ അന്തിമ തീരുമാനത്തിലെത്താവൂവെന്നും വ്യക്തമാക്കി.
'സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരംവിഭാഗത്തിലെ കാറ്റഗറി ബി.വണ്ണില്‍ അഞ്ചുഹെക്ടറില്‍ കൂടുതല്‍ നൂറുഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. അതായത് അഞ്ചുഹെക്ടറിനും നൂറുഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ചുഹെക്ടര്‍ എന്നത് രണ്ടു ഹെക്ടറെന്നാക്കി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
അതായത് രണ്ടുഹെക്ടറിന് മുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരും. രണ്ടു ഹെക്ടറില്‍ താഴെയുളള ചെറുകിട ആവശ്യങ്ങള്‍ക്ക് നിലവിലുളള ആനുകൂല്യം തുടരും. പദ്ധതികളുടെ അനുമതിക്ക് മുമ്പ് പബ്ലിക് ഹിയറിങ്ങിനായി നിലവില്‍ അനുവദിച്ചിട്ടുളള സമയം പുതിയ കരട് വിജ്ഞാപനത്തില്‍ 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസം തന്നെയായി നിലനിര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പുളള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത സമിതികള്‍. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട അപേക്ഷകളില്‍ ജില്ലാതലസമിതികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എന്നാല്‍ ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍ നിന്ന ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ജില്ലാതല സമിതികളെ നിലനിര്‍ത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യ'മെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights:EIA will have far-reaching effect says Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..