EIA 2020കേന്ദ്ര സര്‍ക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തിന്മേല്‍ കേരളത്തിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിയമസഭാംഗങ്ങള്‍ക്കും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പ്രതിനിധികള്‍ അപേക്ഷ സമര്‍പ്പിച്ചു. 

അപേക്ഷയുടെ പൂര്‍ണരൂപം

വിഷയം: കേന്ദ്ര സര്‍ക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനം. കേരളത്തിന്റെ നിലപാട് തിരുത്തണം.
          
കേന്ദ്ര സര്‍ക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തോടുള്ള കേരള സര്‍ക്കാറിന്റെ പ്രതികരണം വളരെ ദുര്‍ബലമായിപ്പോയി എന്നു ഖേദപൂര്‍വ്വം പറയട്ടെ. പരിസ്ഥിതി പ്രതിസന്ധികള്‍ മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ചോദ്യം ചെയ്യുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂടിയുണ്ടായ അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിനും ഇന്ത്യയുടെ ഇതര പ്രദേശങ്ങള്‍ക്കും തീരാദുരന്തവും ദുരിതവുമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും ഇനിയും മുന്തിയ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ , അത് വരും തലമുറയോടുള്ള അക്ഷന്തവ്യമായ അപരാധമായിപ്പോകും.
        
പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്ന് , അതിനായുള്ള നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തില്‍ കാണുന്നത്. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെയും അന്തസ്സത്തയെയും ആകെത്തകര്‍ക്കുന്ന വ്യവസ്ഥകള്‍ കരടു വിഞ്ഞാപനത്തില്‍ ഉണ്ട്. അതിലുപരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള യാതൊരു നിര്‍ദ്ദേശവും ഈ വിജ്ഞാപനത്തില്‍ ഇല്ല. അതിനാലാണ് 2020ലെ കരടു വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നതു്. ഈ സന്ദര്‍ഭത്തില്‍ താഴെ പറയുന്ന മൂന്നു ആവശ്യങ്ങള്‍ ഞങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മുഴുവന്‍ പാര്‍ലമെന്റ്- നിയമസഭാ സാമാജികരുടെയും മുമ്പാകെ വയ്ക്കുകയാണ്.

1-  2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം- പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകപ്പിന്ന് കത്തയക്കണം.

2- നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിന്നായി പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാനായി ഒരു വിദഗ്ദ സമിതിയെ പ്രഖ്യാപിക്കണമെന്നും പ്രസ്തുത വിദഗസമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റും നിയമസഭകളും പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി -സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചര്‍ച്ച ചെയ്യണമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട്  ആവശ്യപ്പെടണം.

3- കേന്ദ്ര സര്‍ക്കാറിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം 2020നെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നയം രൂപപ്പെടുത്തുന്നതിനും കേരളത്തില്‍ നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമായി പരിസ്ഥിതി വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു വിദഗ്ദ സമിതി അടിയന്തിരമായി രൂപീകരിക്കണം.
          
വരാനിരിക്കുന്ന തലമുറകളില്‍ നിന്നും നാം കടം കൊണ്ട പ്രഥ്വിയെയും പ്രക്രുതി വിഭവങ്ങളെയും ആവാസവ്യവസ്ഥകളെയും കാലാകാലങ്ങളില്‍ പരിപാലിച്ച് പരിപോഷിപ്പിച്ച് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറേണ്ട ധാര്‍മ്മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം ഉള്ളവരാണ് ഓരോ പൌരനും ഭരണകൂടവുമെന്ന് വിനയത്തോടെയും സ്‌നേഹത്തോടെയും ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ.

കോഴിക്കോട്
18-08-2020
    
ബി.സുഗതകുമാരി, പ്രഫ: എം.കെ.പ്രസാദ്, ഡോ: വി.എസ്സ്. വിജയന്‍, ടി.പി.പത്മനാഭന്‍ (സീക്ക് - പയ്യന്നൂര്‍), പ്രഫ: എ.ബിജുകുമാര്‍ (യൂണിവേഴ്‌സിറ്റി ഓഫ് കേരള) , പ്രഫ: കസുമം ജോസഫ് (എന്‍.എ.പി.എം), ടോണി തോമസ്സ് (ഒണ്‍ എര്‍ത്ത് ഒണ്‍ലൈഫ്), എന്‍. ബാദുഷ (വയനാട് പ്രകൃതിസംരക്ഷണ സമിതി), എസ്സ്.ഉഷ (തണല്‍), എസ്സ് അനിത (ട്രീ വാക്ക് - തിരുവനന്തപുരം), എസ്സ്. പി. രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി.), ആര്‍.ശ്രീധര്‍ (സേവ് ഔര്‍ റൈസ് ക്യാമ്പയിന്‍), ഭാസ്‌കരന്‍ വെള്ളൂര്‍ (പരിസ്ഥിതി ഏകോപന സമിതി, കണ്ണൂര്‍) , കെ.രാജന്‍ (പരിസ്ഥിതി ഏകോപന സമിതി) അഡ്വ.എല്‍.നമശ്ശിവായന്‍ (കെ.എന്‍.എച്ച്.എസ്സ്) , സത്യന്‍ മേപ്പയ്യൂര്‍ (എം.എന്‍.എച്ച്.എസ്സ്), ജോണ്‍ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി), പുരുഷന്‍ ഏലൂര്‍ (പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി), എം.എന്‍. ജയചന്ദ്രന്‍ (പരിസ്ഥിതി സമിതി), എസ്സ്. ഉണ്ണിക്കൃഷ്ണന്‍ (റിവര്‍ റിസര്‍ച്ച് സെന്റര്‍ - തൃശ്ശൂര്‍), കെ. സുലൈമാന്‍ ഫ്രയര്‍ ഫ്രീ ഫോറസ്റ്റ് ), ജയപ്രകാശ് (നിലമ്പൂര്‍ പ്രകൃതി പീന കേന്ദ്രം), പി.സുന്ദരരാജ് (മലപ്പുറം), റഹീം തലനാട് (കോട്ടയം )

എന്‍.ബാദുഷ, പ്രസിഡണ്ട് വയനാട് പ്രക്രുതി സംരക്ഷണ സമിതി. ജീ: സു. ബത്തേരി
ഫോണ്‍:  854759022