പ്രതീകാത്മക ചിത്രം | Mathrubhumi archives
കോട്ടയം: വന്യജീവിസങ്കേതങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കാന്‍ ചുറ്റുമുള്ള ഇടം പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാനത്തുണ്ടായത് കടുത്ത ആശയക്കുഴപ്പവും കാലതാമസവും. 12 വര്‍ഷമായി നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമതീരുമാനമായിട്ടില്ല. പലതവണ കരട് വിജ്ഞാപനമിറക്കി. പിന്നീട് അതിന്റെ കാലാവധി നീട്ടി.
കേരളത്തില്‍ 24 സംരക്ഷിത വനമേഖലകളാണുള്ളത്. 21 ഇടത്ത് കരട് വിജ്ഞാപനം വന്നു. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം കാത്തിരിക്കെയാണ് ഇപ്പോള്‍ സുപ്രീംകോടതി ഒരുകിലോമീറ്റര്‍ പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2011 ഫെബ്രുവരി ഒന്‍പതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്കിയ മാര്‍ഗരേഖയാണ് നിരോധനത്തിനും നിയന്ത്രണത്തിനുമുള്ള അടിസ്ഥാനരേഖയായി പരിഗണിക്കുക.
നിലവില്‍ ഒരുകിലോമീറ്ററില്‍ കൂടുതല്‍ ലോലമേഖലയായി നിശ്ചയിച്ചിടത്ത് ഇതു തുടരും. അല്ലാത്ത സ്ഥലങ്ങളില്‍ 10 കിലോമീറ്റര്‍വരെയാണ് താത്കാലികമായി ലോലമേഖലാപദവിയുള്ളത്. ഇതില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസമിതിയെ സമീപിക്കാം. അവരുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിച്ച് അന്തിമതീരുമാനമെടുക്കും. അതുവരെ മലയോരമേഖലയിലെ വലിയൊരു ഭാഗം ലോലപദവിയില് തുടരും. തീരുമാനങ്ങള്‍ വൈകിച്ചതിന്റെ ദുരിതം ജനങ്ങള്‍ അനുഭവിക്കുകയാണ്.
ഇടുക്കിയില്‍ 2016-ല്‍ ഇറക്കിയ കരട് വിജ്ഞാപനം കാലഹരണപ്പെട്ടതോടെ കഴിഞ്ഞവര്‍ഷം കേന്ദ്രം വീണ്ടും വിജ്ഞാപനം ചെയ്തിരുന്നു. സംസ്ഥാനം ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ഇടുക്കിയില്‍ കുമളിപോലുള്ള പ്രധാനകേന്ദ്രങ്ങള്‍ പെരിയാര്‍ കടുവസങ്കേതവുമായി ചേര്‍ന്നാണുള്ളത്. മൂന്നാര്‍ രാജമല, ചിന്നാര്‍ സംരക്ഷിതമേഖലകളുമായി ചേര്‍ന്നിരിക്കുന്നു. ഇവിടങ്ങളില്‍ വ്യാപാരം, വിനോദസഞ്ചാരം, ജനവാസം എന്നിവയ്ക്ക് സംരക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുവേണം സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍. അതിനാലാണ് വിവരംനല്‍കല്‍ വൈകിയതെന്ന് കേരളം പറയുന്നു.
ലോലമേഖലകള്‍ സംബന്ധിച്ച സംവാദങ്ങള്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതികളുടെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. 2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 121 വില്ലേജുകളില്‍ വിദഗ്ധസമിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മാറ്റി ഇടതുസര്‍ക്കാര്‍ 2018-ല്‍ പി.എച്ച്. കുര്യന് സമിതിയെ നിയോഗിച്ച് പുതിയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
32 വില്ലേജുകളെ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ലോലമേഖലയില്‍ 1307 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി കുറവായിരുന്നു. 9107 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വനവിസ്തൃതി. ജനവാസമേഖലകള്‍ ഒഴിവാക്കിയുള്ള കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെടുമെന്ന നിലയാണുണ്ടായിരുന്നത്. എന്നാല്‍, പുതിയ വിധിയോടെ ഇതിന്മേലുള്ള അന്തിമവിജ്ഞാപനവും വൈകിയേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..