പ്രതീകാത്മക ചിത്രം | Mathrubhumi archives
കോട്ടയം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോലമാകുമ്പോള് നിയന്ത്രണങ്ങളേറെ. ലോലമേഖലയിലെ ജനജീവിതത്തില്വരുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകുമെന്ന ആശങ്കയിലാണ് ജനം. മാര്‍ഗനിര്‍ദേശങ്ങളും അനുമതിക്കുള്ള വഴികളും സുപ്രീംകോടതി പറയുമ്പോഴും ഇതിലെ നടത്തിപ്പ് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.
മാര്‍ഗനിര്‍ദേശങ്ങളും പ്രശ്നങ്ങളും
പരിസ്ഥിതിലോലമേഖലയില്‍ നിലവില്‍ അനുമതി കിട്ടി ചെയ്തുവരുന്ന പ്രവൃത്തികള്‍ക്ക് വീണ്ടും അനുമതി നേടണം. ആറുമാസത്തിനകം ഇതിന് അപേക്ഷ നല്‍കണം. മുഖ്യവനപാലകനാണ് അനുമതി നല്‍കേണ്ടത്. ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കല്‍ നടത്താന്‍പോകുന്ന 54 കോടിരൂപയുടെ വികസനപ്രവര്‍ത്തനത്തിന് വീണ്ടും അനുമതി നേടണമോയെന്ന് വ്യക്തമായിട്ടില്ല. നിലവിലെ ചട്ടപ്രകാരം പെരിയാര്‍ കടുവാ സങ്കേതത്തിലുള്ള ശബരിമല പ്രദേശത്തെ എല്ലാ പ്രവൃത്തികളും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചെയ്യുന്നത്. ഇവയ്ക്കെല്ലാം വീണ്ടും അപേക്ഷിക്കേണ്ടിവരും. കുന്നാര്‍ ഡാമിന്റെ ശേഷി കൂട്ടാനുള്ള സാധ്യത മങ്ങിയേക്കും. നിര്‍ദ്ദിഷ്ട ചരക്ക് റോപ്വേയും മുടങ്ങിയേക്കും. പമ്പ-സന്നിധാനം റോപ്വേയാണിത്.
ലോലമേഖലയില്‍ തോട്ടം, കൃഷിയിടം, തുറസായ സ്ഥലം എന്നിവ വാണിജ്യ, വ്യവസായ, ഭവന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. നിലവില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബാധകമാണോ എന്നതില്‍ കൃത്യതയില്ല. ഉണ്ടെങ്കില്‍ തോട്ടം മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ നവീകരണം തടസ്സപ്പെടാം. തേയില ഫാക്ടറികളുടെ പ്രവര്‍ത്തനം തുടരുന്നതിന് പ്രയാസം വരാം. ആശുപത്രികള്‍, മറ്റ് അവശ്യകെട്ടിടങ്ങള് എന്നിവ കാലാകാലം നവീകരിക്കാന്‍ കഴിയുമോ. വാണിജ്യനിര്മാണത്തിനുള്ള നിര്മാണവിലക്കും കോടതി പറയുന്നുണ്ട്.
കളക്ടര്‍ ചെയര്‍മാനായ മേല്‍നോട്ട സമിതികള്‍ക്കാണ് പ്രദേശങ്ങളുടെ ചുമതല. ഏത് ജോലിക്കും അവര്‍ക്ക് അപേക്ഷ നല്‍കണം. പക്ഷേ, അവശ്യകാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല. വഴിവെട്ടുക, അതിന്റെ നവീകരണം എന്നിവയ്ക്കും കൃഷിഭൂമിയിലെ മാറ്റങ്ങള്‍ക്കും സമിതിക്ക് ഇടപെടാം. പൊതുതാത്പര്യത്തിന് പ്രാധാന്യം കിട്ടുമെന്ന് പറയുന്നുണ്ട്. തോട്ടങ്ങള്‍ സ്വകാര്യസ്വത്തായതിനാല്‍ ഇതില്‍ എന്ത് ചെയ്യുമെന്ന് വ്യക്തമാകണം. റോഡ് നവീകരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്നതില്‍ വ്യക്തതയില്ല.
ഹോംസ്റ്റേകള്‍ പ്രകൃതി സൗഹൃദമായി പ്രവര്‍ത്തിക്കാമെന്ന് പറയുന്നു. അതിന്റെ രീതി വിശദമാകണം. ഇവിടെ മാലിന്യസംസ്കരണം എങ്ങനെയായിരിക്കണം. പുറത്തുകൊണ്ടുപോയി സംസ്കരിക്കണോ എന്നതില്‍ കൃത്യതയില്ല.
ഖനനത്തിന് പൂര്‍ണവിലക്കുണ്ട്. ക്രഷര്‍, കല്ലുവെട്ടല്‍, ഇഷ്ടിക നിര്‍മാണം എന്നിവ പാടില്ല. പ്രദേശവാസികള്‍ക്ക് ഭവനനിര്‍മാണം അനുവദിക്കുമെന്ന് കോടതി പറയുന്നുണ്ട്. അവര്‍ക്കുള്ള അനുമതികള്‍ എന്തെല്ലാമാണെന്ന് വ്യക്തതവേണം. നിലവിലെ വീട് നവീകരണത്തിന് കല്ല് പൊട്ടിക്കല്‍, കിണര്‍ കുഴിക്കല്‍ എന്നിവ സാധിക്കുമോ എന്നതിലും വിശദീകരണം വേണം.
ലോലമേഖലയില്‍ ഏതുതരം മരംവെട്ടലിനും അനുമതി വേണം. നിലവില്‍ പട്ടയഭൂമിയിലെ മരംമുറിക്കും രാജമരങ്ങളുടെ മുറിക്കുമാണ് നിയന്ത്രണമുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..