-
കൊച്ചി: എടയാർ സ്വർണക്കവർച്ച കേസിലെ പ്രതിയെ ആലുവ കോടതിയിൽനിന്ന് തട്ടിക്കൊണ്ടുപോയി. തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. എന്നാൽ, ആലുവ-പെരുമ്പാവൂർ റൂട്ടിലെ കുട്ടമശ്ശേരിയിൽവെച്ച് പോലീസ് ഇവരെ പിടികൂടി.
കഴിഞ്ഞ ദിവസം ജമാലും തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവരുമായി അടിപിടി നടന്നിരുന്നു. ജമാൽ ഇന്ന് ആലുവ കോടതിയിൽ ഹാജരാകുമെന്നറിഞ്ഞ സംഘം ഇയാളെ പിടികൂടാനായി ഇവിടെ എത്തുകയായിരുന്നെന്നാണ് വിവരം. സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ ജമാലിന്റെ കാർ കോടതിയുടെ മതിലിൽ ഇടിച്ചു. ഇതോടെ അഞ്ചംഗ സംഘം ഇയാളെ തങ്ങളുടെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫ്ലൈയിങ് സ്ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സന്നാഹങ്ങൾ സംഘത്തെ പിന്തുടർന്നു. വയർലെസ്സിലൂടെ വാഹനത്തിന്റെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന്, കുട്ടമശ്ശേരി ഭാഗത്തുവെച്ച് ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു.
എന്നാൽ, ജമാലിനെ തട്ടിക്കൊണ്ടുപോയതല്ല അടിപടിയുമായി ബന്ധപ്പെട്ട കേസിൽ തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കൊണ്ടുപോയതാണെന്നാണ് അഞ്ചംഗ സംഘത്തിന്റെ വാദം. ഇവർ പല ക്രിമിനൽ കേസുകളിലെയും പ്രതികളാണെന്നാണ് വിവരം. ജമാലിനെ ആലുവ സ്റ്റേഷനിൽ തന്നെ ഹാജരാക്കാമായിരുന്നു എന്ന് പോലീസും ചൂണ്ടിക്കാട്ടുന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എടയാറിൽ ശുദ്ധീകരിക്കാൻ കൊണ്ടുപോയ 20 കിലോ സ്വർണം കവർന്ന കേസിലെ പ്രതിയാണ് ജമാൽ. കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കവർച്ച നടത്തിയ സ്വർണം മുഴുവൻ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.
Content Highlights: Edayar gold robbery accused Jamal kidnapped from Aluva court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..