സ്വപ്ന സുരേഷ് | Photo - Mathrubhumi archives
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ഇ.ഡി. ഉന്നതതലത്തില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരായി സമീപിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവരെ ചൊവ്വാഴ്ച ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ്കിരണും വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. നിര്‍ണായകമായ നീക്കങ്ങളിലേക്ക് കടക്കവേയാണ് സ്വപ്ന-ഷാജ് കിരണ്‍ വിവാദം ഉണ്ടായത്. ഫോണില്‍ വിളിച്ച് ഷാജ് കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുമായി ദിവസേന ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഷാജ് കിരണും വെളിപ്പെടുത്തിയിരുന്നു.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. ഇടനിലക്കാരനായ ഷാജ് കിരണുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ പേരും സ്വപ്നയും ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ പുറത്തുവന്നു. ഇവരെയെല്ലാം വിശദമായി ഇ.ഡി. ചോദ്യംചെയ്‌തേക്കും.
സര്‍ക്കാരിന്റെ പേരിലുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ സാക്ഷിപ്പട്ടികയില്‍ വരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഷാജി കിരണിനെയും കെ. ഇബ്രായിയെയും അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകാത്തതിന്റെ കാരണം ഇതാണ്.
സ്വപ്നയ്‌ക്കെതിരേ ഷാജ് കിരണ്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ഗൂഢാലോചന കേസില്‍ വ്യാജരേഖ ചമയ്ക്കലടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്. ഈ പരാതി നല്‍കിയതിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇ.ഡി. കരുതുന്നു.
ഗൂഢാലോചനക്കേസ്: സ്വപ്ന ഇന്ന് ക്രൈംബ്രാഞ്ചിനുമുന്നില്‍
കൊച്ചി: ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകും. മലപ്പുറം സ്വദേശി നൗഫല്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ വിവരങ്ങളറിയാന്‍ സ്വപ്നയെ പോലീസ് ക്ലബ്ബിലേക്ക് തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. മൊഴി നല്‍കി പുറത്തുവന്നയുടനാണ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന പറഞ്ഞത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യംചെയ്യുക. കൊച്ചി പോലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച രാവിലെ 11-നു ഹാജരാകാനാണ് നിര്‍ദേശം. ഫോണിലൂടെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും മകന്റെയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. വൈകുന്നേരം 4.30-ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45 വരെ നീണ്ടു.
Content Highlights: gold smuggling case ED
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..