ബെംഗളൂരു:  കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു സെക്ഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഇ.ഡി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  ഘട്ടം ഘട്ടമായി കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും പൂര്‍ണ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19A, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.  ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ  സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്‌. കുറ്റപത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസില്‍ ബിനീഷിനെതിരെ നിര്‍ണായകമായത്.

Content Highlight: ED submit  charge sheet against Bineesh Kodiyeri