കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. അഴീക്കോട് എം.എല്‍.എ കെ. എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്ന പരാതിയിലാണ് മൊഴിയെടുത്തത്.

 
കോഴിക്കോട് കല്ലായിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നതിനിടെയാണ് ലീഗ് എം.എല്‍.എ എം. കെ മുനീറിനെതിരെയും പരാതി ഉയര്‍ന്നത്. ഐ.എന്‍.എല്‍ നേതാവ് അബ്ദുള്‍ അസീസാണ് മുനീറിനെതിരെ പരാതി നല്‍കിയത്.

ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ ഭൂമി വാങ്ങിയതില്‍ മുനീറും പങ്കാളിയായിരുന്നെന്നാണ് അബ്ദുള്‍ അസീസ് പരാതിയില്‍ ഉന്നയിക്കുന്നത്. 92 സെന്റ് വരുന്ന സ്ഥലം മുനീറിന്റെ ഭാര്യ നഫീസയുടെയും ഷാജിയുടെ ഭാര്യയുടെയും പേരിലാണ്. 1.2 കോടി രൂപയ്ക്കാണ് സ്ഥലം വാങ്ങിയതെന്നും എന്നാല്‍ 37 ലക്ഷം മാത്രമാണ് രേഖയില്‍ കാണിച്ചതെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Content Highlights: ED questions M.K Muneers's wife Nafeesa