കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരുവകുപ്പ് മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഈ വകുപ്പിനെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരേയുള്ള ഇ.ഡിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വാദം. 

കേസില്‍ മുഖ്യമന്ത്രിയെ കക്ഷിയാക്കിയത് തെറ്റാണെന്നും സര്‍ക്കാര്‍ വാദിച്ചു. അതേസമയം സ്വര്‍ണക്കടത്തിലെ സമാന്തര ജുഡീഷ്യല്‍ അന്വേഷണം ശരിയല്ലെന്നാണ് ഇഡിയുടെ വാദം. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് അധികാരമില്ലെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇഡിക്കായി ഹാജരായത്. 

സര്‍ക്കാര്‍ നീക്കം സ്വര്‍ണക്കടത്തിലെ അന്വേഷണം തടയാനാണ്. കേന്ദ്ര ഏജന്‍സിക്കെതിരേ സംസ്ഥാന സര്‍ക്കാരിന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപക്കണം. നേരത്തെ ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കോടതി തടഞ്ഞതാണെന്നും ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.

content highlights: ED petition against judicial enquiry in gold smuggling case