കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ബുധനാഴ്ച തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.  ശിവശങ്കറിന്റെ ഉന്നത സ്വാധീനവും അദ്ദേഹത്തിന് എതിരായിട്ടുള്ള തെളിവുകളുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍  പ്രധാനമായും ചൂണ്ടിക്കാണിച്ചത്.  

എം. ശിവശങ്കര്‍ സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. അതിനാല്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടാല്‍  ഈ കേസിനെ സ്വാധീനിക്കുന്ന രീതിയിലുള്ള പെരുമാറ്റം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും അതുകൊണ്ട് ജാമ്യം അനുവദിക്കരുത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി ഇ.ഡി മുന്നോട്ട് വെച്ചത്. 

പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ അത് കേസ് അന്വേഷണത്തെ തടസപ്പെടുത്തുമോ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വിചാരണയ്ക്ക് ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി പ്രധാനമായും പരിശോധിക്കുക. 

ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള വാദം നടത്താന്‍ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് റാവു ഡല്‍ഹിയില്‍ നിന്നും ഗൂഗിള്‍മീറ്റ് വഴി കോടതിയില്‍ ഹാജരാകും. എം ശിവശങ്കറിന് വേണ്ടി  പ്രമുഖ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്.

Content Highlight: ED Opposed Shivashankar bail plea