തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്ക് ഇഡി കത്തു നല്‍കി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട്‌ നേരത്തെയും ഇ.ഡി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്.

ED

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും തേടുന്നത്‌. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്.

ED

സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം.

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറകടറേറ്റ് ഒരാളെ അറസ്റ്റ് ചെയ്താല്‍, അറസ്റ്റ് തിയതിക്ക് ആറു വര്‍ഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകള്‍ കണ്ടുകെട്ടാമെന്നാണ് നിയമം. ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത് 2020 ഒക്ടോബര്‍ 29-നാണ്. ഇതനുസരിച്ച് ബിനീഷ് 29.10.2014 നുശേഷം വാങ്ങിയ സ്വത്തുവകകള്‍ ഇ.ഡിക്ക് കണ്ടുകെട്ടാം. കോടിയേരി എന്നു പേരിട്ട വീട് ബിനീഷ് വാങ്ങുന്നത് 11.11.2014-ലാണ്. ഇതിനുസരിച്ചാണ് വീട് കണ്ടുകെട്ടാനുള്ള തീരുമാനം ഇ.ഡി. എടുത്തത്.

സംസ്ഥാനത്തെ ഒരു വന്‍വ്യവസായിയുടെ മകളുടെ കയ്യില്‍നിന്നാണ് ബിനീഷ് വീടു വാങ്ങുന്നത്. ഇതിന് 50 ലക്ഷം രൂപയാണ് രജിസ്‌ട്രേഷന്‍ കടലാസുകളില്‍ കാണിച്ചിരിക്കുന്നതെന്നും വ്യക്തമായി.

content highlights: ED decided to attach Bineesh Kodiyeris house and property