കെ.പി.സി.സി.യുടെ ഫെയ്‌സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ | Photo: facebook.com|INCKerala
ഇന്നലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി. രണ്ട് ദിവസത്തിനിടെ പ്രമുഖരായ രണ്ട് പേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവശങ്കർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇ.ഡിയുടെ പിടിയിലായപ്പോൾ ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ബിനീഷിന് കുരുക്കായത്. എന്തായാലും രണ്ട് അറസ്റ്റുകളും സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്. ഇതിന്റെ പ്രതിഫലനമെന്നോണം പ്രമുഖ സൈബർ സഖാക്കളുടെ അക്കൗണ്ടുകള്‍ നിശബ്ദമായി
നേരത്തെ പല വിഷയങ്ങളിലും സർക്കാരിനെതിരേ ആരോപണമുയർന്നപ്പോൾ പടവെട്ടാനായി ഇവരില്‍ പലരും സട കുടഞ്ഞെഴുന്നേറ്റിരുന്നു. ന്യായീകരിക്കാനും പഴയകാല സംഭവങ്ങൾ കുത്തിപ്പൊക്കാനും പിടിപ്പത് പണിയെടുക്കുകയും ചെയ്തു. പക്ഷേ, മുഖ്യന്റെ വലംകൈയായിരുന്ന ശിവശങ്കറും പാർട്ടി സെക്രട്ടറിയുടെ പുത്രനായ ബിനീഷും മണിക്കൂറുകളുടെ ഇടവേളയിൽ ഇ.ഡിയുടെ പിടിയിലായപ്പപ്പോൾ സൈബർ സഖാക്കളെല്ലാം മൗനം പാലിക്കുകയാണ്.
ഇത്രയും വലിയ 'രോഗത്തിന്' ചെറിയ ക്യാപ്സ്യൂളുകളൊന്നും പോരാത്തതിനാൽ ഒരുപക്ഷേ, വലിയ ക്യാപ്സ്യൂളുകളുടെ പണിപ്പുരയിലാകും അവർ. പോരാളി ഷാജിയെപ്പോലെയുള്ള ഫെയ്സ്ബുക്ക് പേജുകളിൽ അവിടെയും ഇവിടെയും ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമാണ് ഈ മണിക്കൂറുകളിൽ പ്രത്യക്ഷപ്പെട്ടത്. അതും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കുമെതിരേ.
പക്ഷേ, സർക്കാരും സി.പി.എമ്മും ഒരുപോലെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പോരാളി ഷാജിക്കും ആ പഴയ ഉഷാറില്ലെന്ന് വ്യക്തം. കഴിഞ്ഞദിവസം ശിവശങ്കർ അറസ്റ്റിലായപ്പോൾ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി. കേസിലെ വിവരങ്ങൾ പോസ്റ്റ് ചെയ്തായിരുന്നു പോരാളി ഷാജിമാരും മറ്റും ആശ്വാസം കണ്ടെത്തിയിരുന്നത്. ബിനീഷ് പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ലെന്നും ബിനീഷിനെതിരേ ഏത് അന്വേഷണവും നടത്താമെന്ന് പാർട്ടി നേരത്തെ പറഞ്ഞതാണെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം, ഇന്നലെയും ഇന്നും യു.ഡി.എഫ്., ബി.ജെ.പി. സൈബർ പോരാളികളുടെ നിറഞ്ഞാടലായിരുന്നു സാമൂഹികമാധ്യമങ്ങളിൽ. നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് ഇ.ഡി. അറസ്റ്റിലേക്ക് നീങ്ങിയപ്പോൾ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ബി.ജെ.പിയുടെയും സൈബർ പോരാളികൾ ശരിക്കും ആഘോഷിച്ചു. ട്രോളുകളായും മീമുകളായും ശിവശങ്കറും ബിനീഷുമെല്ലാം കളംനിറഞ്ഞുനിന്നു. പല യു.ഡി.എഫ്., ബി.ജെ.പി. അനുകൂല പേജുകളിൽ സർക്കാരിനെതിരായ നിരവധി പോസ്റ്റുകളാണ് നിമിഷങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടത്.
Content Highlights:ed arrested sivasankar and bineesh kodiyeri social media response
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..