എം.ശിവശങ്കർ| ഫോട്ടോ: മാതൃഭൂമി
കൊച്ചി : എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നയതന്ത്രപാഴ്‌സല്‍ വിട്ടുകിട്ടാന്‍ ഇടപെട്ട സംഭവത്തില്‍ കസ്റ്റംസ് പരിശോധനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്നും കാര്‍ഗോ ക്ലിയറിങ് ഏജന്റില്‍ നിന്നും മൊഴിയെടുത്തതായി ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി നല്‍കിയ സത്യവാങ്മൂലം മാതൃഭൂമി ന്യൂസിന് ലഭിച്ചിട്ടുണ്ട്.
ശിവശങ്കര്‍ സ്വപ്‌ന പറഞ്ഞതുപ്രകാരം മൂന്ന് നാല് തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. ഇതുപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥനെയും ക്ലിയറിങ് ഏജന്റിനെയും ചോദ്യം ചെയ്തു എന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 102 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ലോക്കര്‍ തുറന്നതെന്നും ഇഡി പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ നിന്ന് കിട്ടിയ കമ്മീഷനാണെന്നാണ് എന്‍ഐഎ പറയുന്നത് എന്നാല്‍ ഇത് ലൈഫ് മിഷന്‍ കമ്മീഷന്‍ ആണെന്നാണ് ഇഡി റിപ്പോര്‍ട്ട്.
ഹര്‍ജി ഉച്ചക്ക് ശേഷമായിരിക്കും ഹൈക്കോടതി പരിഗണിക്കുക. നേരത്തെ തനിക്കെതിരേ തെളിവില്ല എന്നാണ് ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നതെങ്കില്‍ അതിനെ മറികടക്കാനുള്ള തെളിവുകളാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.
content highlights: ED against Shivashankar's bail plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..