പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുംവിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സർക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നൽകി. റിസർവ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകിയിട്ടില്ല.
മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.
32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.
റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം.
Content Highlights: economic crisis in Kerala - center will not approve credit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..