പരിസ്ഥിതിലോല മേഖല: നിര്‍മാണം നിയന്ത്രണവിധേയമായി


കെ.ആര്‍. പ്രഹ്‌ളാദന്‍

കേരളത്തില്‍ വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പദവിയുള്ള 24 ഇടങ്ങളാണുള്ളത്. ഇതില്‍ 16 ഇടത്ത് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലയോ ഉണ്ട്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കോട്ടയം: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഏതുതരം നിര്‍മാണവും ഇനി നിയന്ത്രണത്തോടെ മാത്രം. ഇവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോലമേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചെങ്കിലും പൊതുതാത്പര്യം പരിഗണിച്ച് ദൂരപരിധിക്ക് ഇളവ് കിട്ടും. സുപ്രീംകോടതി തന്നെയാണ് ഇളവ് അനുവദിക്കുന്നത്.

കേരളത്തില്‍ വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പദവിയുള്ള 24 ഇടങ്ങളാണുള്ളത്. ഇതില്‍ 16 ഇടത്ത് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലയോ ഉണ്ട്.

ഒരു കിലോമീറ്റര്‍ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. ഇളവിനായി സംസ്ഥാനങ്ങള്‍ കേന്ദ്രഉന്നതാധികാര സമിതിയെ സമീപിക്കണം. പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമ്പോള്‍ എല്ലാ സ്ഥലത്തും ഒരേരീതി പറ്റില്ലെന്ന ദേശീയ വന്യജീവി ബോര്‍ഡിന്റെ അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ചിലയിടത്ത് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ലോലമേഖലയാക്കുകയും ചെയ്തു.

ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം

തിരുവനന്തപുരം: പരിസ്ഥിതിലോലമേഖലയുടെ നിര്‍വചനത്തില്‍നിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്ന നിലപാടിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുറച്ച് സംസ്ഥാനസര്‍ക്കാര്‍.

ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവിസങ്കേതങ്ങള്‍ക്കും സംരക്ഷിത വനാതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോലമായിരിക്കണമെന്ന വിധിയില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വനംമന്ത്രിയും മുഖ്യമന്ത്രിയും തലസ്ഥാനത്ത് എത്തിയശേഷം ഇക്കാര്യത്തില്‍ കൂടിയാലോചനകളുണ്ടാവുമെന്നാണ് കരുതുന്നത്. കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങളില്‍ 20 എണ്ണത്തിന്റെ പരിസ്ഥിതിലോലമേഖല സംബന്ധിച്ച കരട് വിജ്ഞാപനം നിലവിലുണ്ട്. ബഫര്‍ സോണുകളില്‍നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്നത്.

എന്നാല്‍, പുതിയ വിധി ഈ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

പരിസ്ഥിതിലോല മേഖല: ആശങ്കകളേറെ

കോട്ടയം: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാനത്തിന് ആശങ്കകളേറെ.

വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പരിധിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കിയാല്‍ 2.50 ലക്ഷം ഏക്കര്‍ ഭൂമിവരെ ജനവാസമേഖലയില്‍നിന്ന് ഒഴിവായേക്കുമെന്ന് കര്‍ഷകാവകാശ പ്രവര്‍ത്തകനായ ഗീവര്‍ഗീസ് തറയില്‍ പറയുന്നു.

ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നടത്തിയ വിലയിരുത്തലില്‍, ഇത് ഒരു ലക്ഷം താമസക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നു കണ്ടെത്തി. ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസംഖ്യ ദേശീയ ശരാശരി പ്രകാരം 360 ആണെങ്കില്‍ കേരളത്തില്‍ 860 ആണ്. സംസ്ഥാനം ഇളവിന് കേന്ദ്രത്തെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

നിലവിലെ നിര്‍മാണങ്ങള്‍ക്ക് മുഖ്യവനപാലകന്റെ അനുമതിനേടണം. ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കല്‍ ഇടത്താവളത്തില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടിവരും. ഇവിടെ പെരിയാര്‍ കടുവസങ്കേതമാണ്. നിലവില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിനേടിയാണ് ശബരിമലയിലെ എല്ലാ പ്രവൃത്തികളും ചെയ്യുന്നത്.

ഇടുക്കി, ശബരിഗിരി തുടങ്ങിയ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ വന്യജീവി സങ്കേതങ്ങളോടു ചേര്‍ന്നാണ്. ഇവയുടെ നവീകരണത്തിന് സുപ്രീംകോടതിയുടെ അനുമതിവേണ്ടിവരും.

വയനാട് വന്യജീവിസങ്കേതം-3.4 കിലോമീറ്റര്‍, പീച്ചി-വാഴാനി-6.2 കിലോമീറ്റര്‍, ചിമ്മിണി-7 കിലോമീറ്റര്‍, ചൂലന്നൂര്‍-3 കിലോമീറ്റര്‍ എന്നിങ്ങനെയാണ് സംസ്ഥാനം കരട് വിജ്ഞാപനംവഴി പരിസ്ഥിതിലോല മേഖല നിശ്ചയിച്ച ഇടങ്ങള്‍. പെരിയാര്‍ കടുവസങ്കേതത്തിന്റെ വിജ്ഞാപനം വന്നിട്ടില്ല. ശുപാര്‍ശ കേരളം കേന്ദ്രത്തിനു കൈമാറിയാലേ പദവി കൈവരൂ.

കുമളി, കട്ടപ്പന, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി, കല്പറ്റ, പേരാമ്പ്ര, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, അമ്പൂരി, നെയ്യാര്‍, കുറ്റിച്ചല്‍, പൈനാവ്, പമ്പാവാലി, നിലയ്ക്കല്‍, പെരുനാട് തുടങ്ങിയ സ്ഥലങ്ങളാണ് ലോലമേഖലയുടെ നിയന്ത്രണത്തിലേക്കു വരുന്നത്.

സംരക്ഷിതവനങ്ങളും വിധിയുടെ പരിധിയില്‍ വരുമെന്ന് കണക്കാക്കിയാല്‍ ജനജീവിതം സ്തംഭിക്കുമെന്ന് ആന്റോ ആന്റണി എം.പി. പറയുന്നു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പൊന്തന്‍പുഴ വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലാണ്.

പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്

ജനങ്ങളെ ഒഴിപ്പിക്കുമെന്നു പറയുന്നത് തെറ്റായ പ്രചാരണമെന്ന് ജൈവൈവിധ്യ ബോര്‍ഡ് പുരസ്‌കാരജേതാവ് കോട്ടാങ്ങല്‍ ഗോപിനാഥ പിള്ള പറയുന്നു. ഖനനം, മരംവെട്ട്, ഭൂമിയുടെ അശാസ്ത്രീയ തരംമാറ്റം എന്നിവയാണ് കോടതി വിലക്കുന്നത്.

കൃഷിയേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ നിയന്ത്രണംവരും. പരിസ്ഥിതിക്ക് യോജ്യമായവിധം വിനോദസഞ്ചാരത്തിന് വിലക്കില്ല. ഭൂമി തരംമാറ്റി ഉപയോഗിക്കാന്‍ കളക്ടര്‍ നേതൃത്വംനല്‍കുന്ന സമിതിക്കു കഴിയും. ഇത് കുന്നുകളും ലോലമേഖലകളും നിലനില്‍ക്കാനാണ്. അവിടെ ആഘാതം കുറയ്ക്കുന്നത് മനുഷ്യജീവിതം അപകടരഹിതമാക്കും.

Content Highlights: Ecologically fragile land Kerala buffer zone construction

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented