കൂട്ടിക്കൽ മേഖലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ആകാശദൃശ്യം, 2019 ഓഗസ്റ്റ് 18-ന് മാതൃഭൂമി പ്രസദ്ധീകരിച്ച കൂട്ടിക്കലിലെ പാറമടകളെ കുറിച്ചുള്ള റിപ്പോർട്ട്
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരെയാണ് ചലനമറ്റ നിലയില്‍ മണ്ണിനടിയില്‍ നിന്ന് മാന്തിയെടുത്തത്. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി എന്ന ഗ്രാമം തന്നെ ചിന്നഭിന്നമായി.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് കാട്ടി ജൈവവൈവിധ്യബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് 2019 ഓഗസ്റ്റില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടിലെ പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. കൂട്ടിക്കലിപ്പോള്‍ ഒരു ദുരന്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികളാണ് എടുത്തിരുന്നതെന്ന് ചോദ്യചിഹ്നമാണ് ഉയരുന്നത്.
പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളം നിര്‍ത്തിവെച്ച പാറമടകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് ദുരന്തം വന്നുചേര്‍ന്നിരിക്കുന്നത്.
കൂട്ടിക്കല്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവവൈവിധ്യബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്തെപ്പറ്റി പറഞ്ഞിരുന്നത്.

വാഗമണ്‍ മൊട്ടക്കുന്നുകളുടെ ഒരു ഭാഗമാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം. കോട്ടയം ജില്ലയിലെ പ്രധാന നദികളുടെ തുടക്കം ഇവിടത്തെ ഷോലവനമേഖലകളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നത്. പ്രദേശത്തെ സന്തുലിതാവസ്ഥ തകിടംമറിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനംമൂലം 400-ഓളം കുടുംബങ്ങള്‍ ഭീതിയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..