മെട്രോ നിയോ അബദ്ധമാകും; കോഴിക്കോട്ട് അനുയോജ്യം ലൈറ്റ് മെട്രോ തന്നെ - ഇ. ശ്രീധരന്‍


കെ.പി. പ്രവിത

'ട്രാം പോലെയാണ് മെട്രോ നിയോ. അത് വിഡ്ഢിത്തമാണ്. കേരളത്തിലെ നഗരങ്ങളിലൊന്നും നടപ്പാക്കാനാകുന്ന പദ്ധതിയല്ലത്. നമുക്കുള്ളത് ഇടുങ്ങിയ റോഡുകളാണ്. നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കെ-റെയില്‍ പോലെയാകും അതിന്റെ അവസ്ഥ'

ഇ ശ്രീധരൻ | ഫോട്ടോ: രാഹുൽ ജിആർ

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് ഡി.എം.ആര്‍.സി. (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) തയ്യാറാക്കിയ പദ്ധതി രൂപരേഖയുള്ളപ്പോള്‍ വീണ്ടും പഠനം നടത്തുന്നതും രൂപരേഖ തയ്യാറാക്കുന്നതും എന്തിനാണെന്ന് ഡോ. ഇ. ശ്രീധരന്‍. കാലോചിത മാറ്റങ്ങള്‍ വരുത്തിയാല്‍ ഡി.എം.ആര്‍.സി. തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് ഉപയോഗിക്കാനാകും. മെട്രോ നിയോ പോലുള്ള പദ്ധതികള്‍ക്കു പിന്നാലെ പോയാല്‍ കെ-റെയില്‍ പോലൊരു അബദ്ധമാകുമെന്നും ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

ഏറെ വര്‍ഷങ്ങളും പണവും ചെലവഴിച്ചാണ് ഡി.എം.ആര്‍.സി. തിരുവനന്തപുരത്തും കോഴിക്കോട്ടും വിശദ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വീണ്ടും പണം ചെലവഴിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നീക്കം. ലൈറ്റ് മെട്രോയ്ക്കാവശ്യമായ എല്ലാ രൂപരേഖയും ഡി.എം.ആര്‍.സി. തയ്യാറാക്കിയിട്ടുണ്ടെന്നും ശ്രീധരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ (കെ.എം.ആര്‍.എല്‍.) മന്ത്രിസഭാ യോഗം കഴിഞ്ഞ മാസം ചുമതലപ്പെടുത്തിയിരുന്നു.

മെട്രോ നിയോ അബദ്ധമാകും

ട്രാം പോലെയാണ് മെട്രോ നിയോ. അത് വിഡ്ഢിത്തമാണ്. കേരളത്തിലെ നഗരങ്ങളിലൊന്നും നടപ്പാക്കാനാകുന്ന പദ്ധതിയല്ലത്. നമുക്കുള്ളത് ഇടുങ്ങിയ റോഡുകളാണ്. നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കെ-റെയില്‍ പോലെയാകും അതിന്റെ അവസ്ഥ. ഗുണകരം ലൈറ്റ് മെട്രോ തന്നെയാണ്.

അന്ന് ചെലവ് 6500 കോടി

രണ്ട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നടപ്പാക്കുന്നതിന് 6500 കോടിയാണ് അന്ന് ചെലവ് കണക്കാക്കിയത്. അതേ രൂപരേഖ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇപ്പോള്‍ 10,000 കോടി രൂപയോളമാകും. ബാങ്കോക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി ലൈറ്റ് മെട്രോയെക്കുറിച്ച് പഠിച്ചാണ് ഡി.എം.ആര്‍.സി. പദ്ധതി രൂപരേഖ തയ്യാറാക്കിയത്. നിര്‍മാണം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.

ആദ്യം മോണോ റെയില്‍

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ആദ്യം മോണോ റെയിലിനാണ് ഡി.എം.ആര്‍.സി. പദ്ധതിയുണ്ടാക്കിയത്. കേരളത്തിന് മോണോ റെയില്‍ അനുയോജ്യമല്ലെന്ന് ഞങ്ങള്‍ അന്ന് വ്യക്തമാക്കിയതാണ്.

ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ചെലവ് അധികമായി. പിന്നീടാണ് ലൈറ്റ് മെട്രോ എന്ന് തീരുമാനിച്ചത്. ഇതിനായി പദ്ധതി രൂപരേഖയുണ്ടാക്കലും മറ്റും പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷമെടുത്തു. എല്ലാംകൂടി നാലുവര്‍ഷം പോയി. ലൈറ്റ് മെട്രോയ്ക്കായി ഓഫീസ് തുടങ്ങിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും ജീവനക്കാരെ നിയമിച്ചു. ജോലികള്‍ക്കായി ടെന്‍ഡര്‍ തയ്യാറാക്കിയിരുന്നു. തിരുവനന്തപുരത്ത് ഫ്‌ളൈ ഓവറിന് ഉള്‍പ്പെടെ രൂപരേഖ തയ്യാറാക്കി. ഓഫീസ് മൂന്നു കൊല്ലത്തിലേറെയാണ് പ്രവര്‍ത്തിച്ചത്.

മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചു. ഡി.എം.ആര്‍.സി.യുമായി ബന്ധപ്പെട്ട ചെലവുകള്‍ മാത്രമാണിത്. സര്‍ക്കാര്‍ തലത്തിലുള്ള മറ്റു ചെലവുകള്‍ കൂടി കണക്കാക്കുമ്പോള്‍ തുക ഉയരും.

പദ്ധതി നീണ്ടുപോയി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ലാതെ വന്നപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു.

Content Highlights: E Sreedharan light metro kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented