ഇ.പി ജയരാജൻ, പി ശശി | Photo - Mathrubhumi archives
തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനറായുള്ള ഇ.പി. ജയരാജന്റെ തിരിച്ചുവരവ് പാര്‍ട്ടിയിലും മുന്നണിയിലും അദ്ദേഹത്തിനുള്ള അംഗീകാരം ഊട്ടിയുറപ്പിക്കുന്നതുകൂടിയായി. രാഷ്ട്രീയത്തില്‍ ഒന്നുംഒന്നും രണ്ടല്ലെന്ന തത്ത്വം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന തിരിച്ചുവരവാണ് സി.പി.എമ്മില്‍ പി. ശശിയുടേത്.
പാര്‍ട്ടി നിശ്ചയിച്ച രണ്ടു ടേം നിബന്ധന അനുസരിച്ച് പാര്‍ലമെന്ററി തലത്തില്‍നിന്ന് മാറേണ്ടിവന്ന ഇ.പി.ക്ക് നേതൃതലത്തില്‍ പ്രത്യേക ചുമതലകള്‍ ഇല്ലാത്തതിന്റെ ക്ഷീണമുണ്ടായിരുന്നു. എ. വിജയരാഘവനു പകരം മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പി. ജയരാജന് പരിഗണിക്കുന്നതോടെ ആ ക്ഷീണം ഇല്ലാതാകുകയാണ്.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിങ് മേക്കറായ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ശശി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയോളം തലയെടുപ്പോടെനിന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഒരാള്‍ ശശിക്കു മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് പറയാം. സി.പി.എം. മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റൊരു പൊളിറ്റിക്കല്‍ സെക്രട്ടറിമാരും ശശിയോളം പ്രാധാന്യം നേടിയിട്ടുമില്ല.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് ശശിയുടെ പ്രതാപവും പതനവും സംഭവിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ സ്ത്രീ അധിക്ഷേപ പരാതിയുണ്ടായപ്പോള്‍ ശശി ഒറ്റപ്പെട്ടു.
2011-ല്‍ ശശി പാര്‍ട്ടിയില്‍നിന്ന് പുറത്തായി. അദ്ദേഹത്തിനെതിരേയുണ്ടായ ആരോപണം സംബന്ധിച്ച കേസില്‍ 2016-ല്‍ കുറ്റവിമുക്തനാകുകയും ചെയ്തു.
രാഷ്ട്രീയക്കാരനില്‍നിന്ന് അഭിഭാഷകനിലേക്ക് വേഷപ്പകര്‍ച്ച നടത്തിയ ശശി, നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്ത് വളരുന്നതാണ് പിന്നീടു കണ്ടത്. നല്ല അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തു. പാര്‍ട്ടിക്കു പുറത്തായിരുന്നപ്പോഴും ടി.പി. ചന്ദ്രശേഖരന് വധക്കേസിലടക്കം പാര്‍ട്ടി കേസുകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി. ലോയേഴ്സ് യൂണിയന് നേതാവായി. അതുവഴി 2018-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി.
എറണാകുളം സമ്മേളനത്തില്‍ പ്രതിനിധി പോലുമായിരുന്നില്ല ശശി. പക്ഷേ, പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കാന്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലില്‍ ശശിയുടെ പേരുമുണ്ടായിരുന്നു. അപൂര്‍വമായിമാത്രം നടക്കുന്ന നടപടിയാണിത്.
Content Highlights: E.P Jayarajan P. Sashi CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..