EP Jayarajan | Photo: Ridhin Damu|Mathrubhumi
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി ചര്‍ച്ചയാകുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി കേസിലെ പ്രതി കൂടിയായ സിപിഎം നേതാവ് ഇ.പി. ജയരാജന്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്‍ഡിഎഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചതാണ് പ്രതിപക്ഷാംഗങ്ങളെ പ്രകോപിപ്പിച്ചതെന്ന് ഇ.പി. ജയരാജന് ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന് തയ്യാറായില്ലെന്നും സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നെന്നും ജയരാജന് ആരോപിച്ചു.
യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഭരണപക്ഷ എംഎല്‍എമാര്‍ വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദേഹം ബോധംകെട്ടു വീണെന്നും ജയരാജന് ആരോപിക്കുന്നു.
എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ ആറ് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും ഭരണകക്ഷി എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. സഭയില്‍ മസില് പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല. പ്രതി പക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. അന്യായമായ ഈ കേസ് പിന്‍വലിക്കണം എന്നാണ് എല്‍ ഡി എഫ് ഗവണ്മെന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ഇ.പി. ജയരാജന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
യു ഡി എഫ് ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന് തയ്യാറായില്ല. ഈ സമയം ഭരണകക്ഷി എംഎല്‍എയായ ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാന്‍ നടുത്തളത്തിലേക്ക് ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വലിയ ബഹളമായി. പ്രശ്നത്തില്‍ ഇടപെടാതെ സ്പീക്കര്‍ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനു കൂട്ടുനിന്നു.
യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ 6 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഭരണകക്ഷി എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു.
തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവണ്മെന്റ് സ്വീകരിച്ചത്.
അന്യായമായ ഈ കേസ് പിന്‍വലിക്കണം എന്നാണ് എല്‍ ഡി എഫ് ഗവണ്മെന്റ് ആവശ്യപ്പെട്ടത്.
ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സഭയില്‍ മസില് പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല. പ്രതി പക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. നീതിപൂര്‍വമായ സമീപനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം.
നിയമ നിര്‍മ്മാണ സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും.
ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് നടത്തിയ അഴിമതികള്‍ക്കും ദുര്‍ഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത നല്‍കിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നീതി നടപ്പാക്കാനായാണ് പ്രവര്‍ത്തിച്ചത്.
കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തടിയൂരിയവരാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാന്‍ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..