രമേശ് ചെന്നിത്തല| Photo: Mathrubhumi
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന അനുമതിയെച്ചാല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, ഇ.എം.സി.സി.യുടെ സി.ഇ.ഒ. ഡുവന്‍ ഇ. ഗെരന്‍സര്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറുകള്‍ റദ്ദാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നയത്തിനെതിരായതിനാല്‍ പദ്ധതി നടക്കില്ലെന്നു പറഞ്ഞു ഇ.എം.സി.സി. പ്രതിനിധികളെ തിരിച്ചയച്ചെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. അങ്ങനെയെങ്കില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എങ്ങനെ ഇ.എം.സി.സി.യുമായി രണ്ടാമത്തെ എം.ഒ.യു. ഒപ്പിട്ടു? നടക്കില്ലെന്നു പറഞ്ഞ് മന്ത്രി ഓടിച്ചുവിട്ട ഇ.എം.സി.സി.യെ വ്യവസായവകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി എന്നാണോ മനസ്സിലാക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
മന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നല്‍കിയ അപേക്ഷ പ്രതിപക്ഷനേതാവിന് കിട്ടിയതില്‍ മുഖ്യമന്ത്രി ദുരൂഹത കാണേണ്ടതില്ല. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് പറഞ്ഞു.
400 ട്രോളറുകള്‍ നിര്‍മിക്കുന്നതിന് എം.ഒ.യു. ഒപ്പുവെച്ച കെ.എസ്.ഐ.എന്‍.സി.യുടെ എം.ഡി. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യമാണ്. അതും ഇതും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് എല്ലാം അറിയാം -ഷിജു വര്‍ഗീസ്, ഇ.എം.സി.സി. പ്രസിഡന്റ്.
ആഴക്കടല്‍ മീന്‍പിടിത്തവും ട്രോളര്‍ നിര്‍മാണവുമടക്കം ഇ.എം.സി.സി.യുടെ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആരും എതിര്‍ത്തില്ല. ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച. കമ്പനി സി.ഇ. ഒ. ഡുവന്‍ ഇഗെരന്‍സറും ഒപ്പമുണ്ടായിരുന്നു. ഫിഷറീസ് മന്ത്രിയുടെ ഓഫീല്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനുമൊപ്പമാണ് ക്ലിഫ് ഹൗസില്‍ എത്തിയത്. സാധ്യതാപഠനത്തിന് ലെറ്റര്‍ ഓഫ് ഇന്റന്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒന്നും ഒളിച്ചിരുന്നില്ല.
Content Highlight: E.M.C.C chief meets CM: Chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..