അനധികൃത ഫ്ളാറ്റ് പൊളിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മരടില്‍ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മരട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇഡി അന്വേഷണം. സിപിഎം നേതാവ് കെ. എ. ദേവസ്സി ഉള്‍പ്പെട്ട ഭരണസമിതിക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മാതാക്കളെ ഇഡി ചോദ്യംചെയ്തു.
അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനു പിന്നിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയിന്‍ ഹൗസിങ്ങിന്റെ ഉടമയായ സന്ദീപ് മേത്തയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യംചെയ്തിരുന്നു. ജയിന്‍ ഹൗസിങ്ങിലെ ചില ജീവനക്കാരെയും ഇഡി ചോദ്യംചെയ്തിരുന്നു. അതില്‍ പ്രാഥമികമായ അനുമതിക്കായി ആദ്യ തുകയായ അഞ്ചുലക്ഷം രൂപ ഭരണസമിതിക്ക് നല്‍കിയെന്ന് ചില ജീവനക്കാര്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് മേത്തയെ വിളിച്ചുവരുത്തി ഇന്നലെ ചോദ്യംചെയ്തത്.
അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കുന്നതിന് ഭരണസമിതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളെ ചോദ്യംചെയ്യുന്നത്. ഇനി ഭരണസമിതി അംഗങ്ങളെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
കോടതി ഉത്തരവ് പ്രകാരം തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകള്‍ക്ക് അനധികൃത നിര്‍മാണത്തിനായി അനുമതി നല്‍കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഫ്‌ളാറ്റ് നിര്‍മാതാക്കളും അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും അടക്കം 14 പേരെ പ്രതികളാക്കിയാണ് അന്വേഷണം നടന്നത്. ദേവസ്സിക്കെതിരെ അന്വേഷണം നടത്താന്‍ ക്രെംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നതിന് ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നുമില്ല.
Content Highlights: E.D. Inquiry on Unauthorized Flat Construction in Marad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..