കോഴിക്കോട്: പ്രളയത്തിന്റെ അനുഭവങ്ങള്‍ പാഠങ്ങളാക്കി പുനര്‍നിര്‍മാണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വാസയോഗ്യവും അല്ലാത്തതുമായ സ്ഥലങ്ങളെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നതുപോലെ അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

നേരത്തെ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെയായിരുന്നു വീടും കെട്ടിടവും നിര്‍മിച്ചിരുന്നത്. ഇനി ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കും വിധത്തിലുള്ള പുനര്‍നിര്‍മാണമാണ് നടത്തേണ്ടത്. പശ്ചിമഘട്ട മേഖലയില്‍ ഉരുള്‍പൊട്ടലിലും തീരദേശമേഖലയില്‍ പ്രളയത്തിലും പലരുടേയും ഭൂമിയും വീടും ഒലിച്ചുപോയിട്ടുണ്ട്.

ഇത്തരത്തിലുള്ളവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാടും ഇടുക്കിയിലുമാണ് കൂടുതലായും ഭൂമി ഒലിച്ചുപോയത്. ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭൂമി കണ്ടെത്തി ഭവന നിര്‍മാണം എളുപ്പത്തില്‍ നടത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പ്രളയത്തെ തുടര്‍ന്നു ദുരിതാശ്വാസ ക്യാമ്പില്‍ ഇനിയും 900 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കും. പ്രളയത്തിനു ശേഷം നാലുമാസം സര്‍ക്കാര്‍ വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.