തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ ശരിതെറ്റുകള്‍ ജനം തീരുമാനിക്കട്ടേയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലാത്തതു കൊണ്ടാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ നേരത്ത അറിയിച്ചതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
ക്യാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്നത് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സിപിഐ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ഉപാധികളോടെ രാജിവെയ്ക്കാമെന്ന തോമസ് ചാണ്ടിയുടെ നിലപാടിനേയും റവന്യൂ മന്ത്രി തള്ളിക്കളഞ്ഞു. അത് അംഗീകരിക്കാനാവില്ല, ഉപാധികളോടെ രാജിവെയ്ക്കുന്നുവെന്ന തീരുമാനം കേട്ടുകേള്‍വി പോലുമില്ലെന്നും മന്ത്രി പ്രതികരിച്ചു.
സിപിഐ മന്ത്രിമാര്‍ മാറി നിന്നത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതിനെ ചര്‍ച്ചയാക്കേണ്ടതില്ല. അസാധാരണ കാര്യങ്ങള്‍ നടന്നതു കൊണ്ടാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്.
മുന്നണിക്കുള്ളിലെ കക്ഷികളോടോ പ്രതിനിധികളോടോ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ കക്ഷികളുടെ നിലപാടിനെ മാത്രമാണ് സിപിഐ എതിര്‍ക്കുന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.