കോട്ടയം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നിലപാടിനെ തള്ളി മന്ത്രി ഇ.ചന്ദ്രശേഖരന്‍.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്ന് തിരിച്ച് തിട്ടപ്പെടുത്തിയതല്ല. യഥാര്‍ഥ വിസ്തൃതി കണ്ടേത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കുറിഞ്ഞി സങ്കേതത്തിന്റെ വലിപ്പം കുറയുമെന്ന അഭിപ്രായത്തോട് ജോയിപ്പില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉദ്യാനത്തിന് അകത്ത് ഭൂമിയുള്ളവരുടെ കാര്യങ്ങള്‍ പരിശോധിച്ചും ആശങ്ക അകറ്റിയും അവരുടെ അഭിപ്രായം മാനിച്ചും മാത്രമേ റവന്യൂവകുപ്പ് മുന്നോട്ട് പോവുകയുള്ളൂ. ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സങ്കേതത്തിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ട് പോവുകയാണ്. ഇതിനായി ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം.എം മണി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക മന്ത്രിതല സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ജോയ്‌സ് ജോര്‍ജ് എം.പിയുടെയും കുടുംബാംഗങ്ങളുടേയും സ്ഥലത്തിന്റെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി സി.പി.എം അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള പല കെട്ടിട ഉടമകള്‍ക്കും റവന്യൂവകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭൂമിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.
3200 ഹെക്ടറിലായിരുന്നു പതിനൊന്ന് വര്‍ഷം മുമ്പ് ഇടുക്കിയില്‍ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനമല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടാവാത്തതോടെ ഭൂമിയില്‍ വ്യാജപട്ടയവും മറ്റും ഉപയോഗിച്ചുള്ള കൈയറ്റം വര്‍ധിക്കുകയായിരുന്നു.