പ്രതീകാത്മകചിത്രം
തിരുവനന്തപുരം: സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറിയും എം.എല്‍.എ.യുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച ബി.ജെ.പി.ക്കാരെ രക്ഷിക്കാന്‍ സി.പി.എം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവം സി.പി.ഐ.ക്കുള്ളില്‍ അതൃപ്തിപടര്‍ത്തുന്നു. ഇതേക്കുറിച്ച് കാനത്തിന്റെ പ്രതികരണം വേണ്ടത്ര ശക്തമല്ലെന്നതാണ് കാരണം. സി.പി.എമ്മിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന പ്രതികരണവുമായി ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി. എന്നാല്‍, ഈ പ്രതികരണത്തിനുപിന്നാലെ മൊഴിമാറ്റം സംബന്ധിച്ച് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്ന് ഒറ്റവാക്കിലാണ് കാനം പ്രതികരിച്ചത്.
സി.പി.എമ്മുമായി ഒത്തുതീര്‍പ്പിന് വഴങ്ങുന്ന നേതാവെന്നരീതിയിലാണ് കാനത്തെ കഴിഞ്ഞ സമ്മേളനകാലത്തുടനീളം എതിര്‍പക്ഷം അവതരിപ്പിച്ചത്. പറയേണ്ടത് പരസ്യമായും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ആത്മാഭിമാനം പണയപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നത്.
കൂറുമാറിയത് മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം. 11 സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസില്‍ ബി.ജെ.പി.ക്കാര്‍ മൊഴിമാറ്റിയിരുന്നു. രണ്ടുകേസിലും പ്രതികളെ കോടതി വെറുതെവിട്ടു.
ഒരു ജില്ലയിലെ പ്രശ്‌നം സംസ്ഥാനവിഷയമായി വളര്‍ത്തി സി.പി.എം.-സി.പി.ഐ. ഭിന്നിപ്പിന് വഴിയൊരുക്കേണ്ടതില്ലെന്നാണ് കാനത്തിന്റെ നിലപാട്. സി.പി.ഐ.യുടെ പ്രതികരണം കാസര്‍കോട് ജില്ലാ സെക്രട്ടറി സി.പി. ബാബുവില്‍ ഒതുങ്ങി.
പ്രകാശ് ബാബുവിന്റെ പ്രതികരണം
2016-ല്‍ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഇ. ചന്ദ്രശേഖരന്‍ കൈയില്‍ ബാന്‍ഡേജിട്ട് ഗവര്‍ണറോടും മുഖ്യമന്ത്രിയോടുമൊപ്പം നില്‍ക്കുന്ന ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കലിതുള്ളി ആക്രമിച്ചതാണ്.
12 ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെപേരിലുള്ള കേസ് വിചാരണയ്‌ക്കെത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരിക്കേറ്റ നേതാവ് ഉള്‍പ്പെടെയുള്ള സി.പി.എം. പ്രവര്‍ത്തകരായ സാക്ഷികള്‍ മൊഴിമാറ്റി കൂറുമാറി പ്രതികളെ സഹായിച്ചു. കോടതി പ്രതികളെ വെറുതെവിട്ടു.
ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി.പി.എം. പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സി.പി.എം. സംസ്ഥാനനേതൃത്വം ഗൗരവമായി ഈ പ്രശ്‌നത്തെ കാണുമെന്ന് താന്‍ കരുതുന്നുവെന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത്.
തുണയ്ക്കാതെ കാനം
സി.പി.എമ്മിനെതിരായ പ്രകാശ് ബാബുവിന്റെ വിമര്‍ശനത്തെ പിന്തുണയ്ക്കാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായില്ല. പ്രകാശ് ബാബുവിന്റെ വിമര്‍ശനത്തെപ്പറ്റി പ്രകാശ് ബാബുവിനോട് ചോദിക്കണം. താന്‍ കുറച്ചുകൂടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. സി.പി.എം. സാക്ഷികള്‍ കൂറുമാറിയ വിഷയം പരിശോധിക്കും. വിഷയം പാര്‍ട്ടിയും മുന്നണിയും ചര്‍ച്ചചെയ്യും -ഇതായിരുന്നു കാനത്തിന്റെ പ്രതികരണം.
അവിഹിത ബന്ധം പുറത്ത്- ചെന്നിത്തല
കണ്ണൂര്‍: സി.പി.എം., ബി.ജെ.പി. അവിഹിതബന്ധം പുറത്തായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ല--സി.പി.എം.
പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ലെന്നും ബി.ജെ.പി.യെ സഹായിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇത് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2016 -ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം മാവുങ്കാലില്‍ ആഹ്‌ളാദപ്രകടനത്തിനിടെയുണ്ടായ സംഭവത്തിലാണ് തെളിവുകളുടെ അഭാവത്തില്‍ 12 ബി.ജെ.പി. -ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടത്.
Content Highlights: E Chandrasekharan CPM - BJP Kanam Rajendran Prakash Babu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..