കണ്ണൂര്‍: മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ അതിക്രമം കാട്ടിയതിന്റെ പേരില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിലെ അവതാരകരായ എബിനും ലിബിനും നേരത്തെയും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്. റോഡിലൂടെ വേഗത്തിലുള്ള യാത്രയ്ക്കായി ആംബുലന്‍സിന്റെ സൈറണ്‍ വരെ ഇവര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന അതീവ ഗുരുതരമായ കുറ്റമാണ് ഗതാഗത വകുപ്പ് കണ്ടെത്തിയുള്ളത്. ഇത്തരത്തില്‍ കൂടുതല്‍ നിയമലംഘനം നടത്തിയതിന്റെ വീഡിയോകള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പോലീസും ഗതാഗത വകുപ്പും. 

ആംബുലന്‍സ് ഹോണ്‍ ദുരുപയോഗം ചെയ്തുള്ള യാത്രയുടെ വീഡിയോ എവിടെ നിന്നുള്ളതാണെന്ന്‌ പരിശോധിച്ചു വരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഇത് കേരളത്തിന് പുറത്താണെന്നാണ് വ്യക്തമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ഇക്കാര്യം നേരിട്ട് അറിയിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം. ടോള്‍ ബൂത്തുകളിലും ഇവര്‍ സൈറണ്‍ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവര്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 

വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ വളര്‍ത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തതയ്ക്കായി വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ആര്‍ടിഒ ആലോചിക്കുന്നുണ്ട്. 

യൂട്യൂബ് ചാനലില്‍ ഇവര്‍ തന്നെ നല്‍കിയിട്ടുള്ള പല വീഡിയോകളിലും ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാണ്.  രാജ്യത്തെ റോഡ് നിയമങ്ങളെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചുമുള്ള ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോകള്‍. 

അറസ്റ്റ് ചെയ്ത പ്രതികളെ പുറത്തുവിട്ടിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കുട്ടികള്‍ കരയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇവരുടെ വീഡിയോ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 

കോവിഡ് മഹാമാരിക്കാലത്ത് തങ്ങള്‍ക്കെതിരേ നടപടി എടുക്കുന്നുവെന്ന് മനസിലാക്കിയ പ്രതികള്‍ സാമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആള്‍ക്കാരെ പോലീസ് സ്‌റ്റേഷനിലേക്കും ആര്‍ടിഒ ഓഫീസിലേക്കും വിളിച്ചുവരുത്തി എന്നതുള്‍പ്പെടെയുള്ള കേസുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയേക്കും. 

ഇവര്‍ ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രൂപമാറ്റം വരുത്തിയതിനൊപ്പം ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നും ആര്‍ടിഒ കണ്ടെത്തിയിരുന്നു. എല്ലാം ചേര്‍ത്ത് 43,400 രൂപയാണ് പിഴയിട്ടിരുന്നത്. രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചിരുന്നു.

അതേസമയം എബിനേയും ലിബിനേയും മനഃപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കണമെന്ന ഉദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് യൂട്യൂബര്‍മാരുടെ അഭിഭാഷകനായ അഡ്വ ഫൗസ് വ്യക്തമാക്കി. വാഹനത്തിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്ന നടപടികളെല്ലാം മോട്ടോര്‍ വാഹന വകുപ്പ് എടുക്കട്ടെ. ഭീകരവാദികളെ നേരിടുന്നതിന് സമാനമായാണ് തന്റെ കക്ഷികളോട് പോലീസ് പെരുമാറിയെന്നും അഭിഭാഷകന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

content highlights: e bull jet traffic rule violations