richard richu
റിച്ചാര്‍ഡ് റിച്ചു

കൊല്ലം: കണ്ണൂരിലെ യൂ ട്യൂബ് വ്‌ലോഗര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അധിക്ഷേപിച്ച് വീഡിയോ പങ്കുവെച്ചയാള്‍ അറസ്റ്റില്‍.

കാവനാട് കന്നിമേല്‍ച്ചേരി കളിയില്‍ത്തറയില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(29)യാണ് അറസ്റ്റ് ചെയ്തത്. നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ആളാണ് റിച്ചാര്‍ഡ്. 

ഇ-ബുള്‍ ജെറ്റിനെ അറസ്റ്റ് ചെയ്ത സംഭവം പോലീസിന് അപമാനമാണെന്നും വാഹനം കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ആരാണ് അധികാരം കൊടുത്തതെന്നും ചോദിച്ചു തുടങ്ങുന്ന വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ക്കും വകുപ്പിനുമെതിരെ അശ്ശീല പ്രയോഗങ്ങളുമുണ്ട്. ഇവരെ വെറുതേ വിടരുതെന്നും വീഡിയോയില്‍ പറയുന്നു.

ഫെയിസ് ബുക്കില്‍ പങ്കുവച്ച വീഡിയോ വിമർശനമുയർന്നതോടെ പിന്‍വലിച്ചെങ്കിലും മറ്റു നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിരുന്നു. ഇയാള്‍ക്കെതിരെ അസഭ്യം പറഞ്ഞതിന് പുറമേ കലാപാഹ്വാനത്തിനും കേസുണ്ട്. വീഡിയോ പങ്കുവച്ചവര്‍ക്കെതിരെയും കേസുണ്ടാകുമെന്നും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: E-Bull Jet Case: Man arrested for insulting police and MVD