കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ തടയുന്നു
തിരുവനന്തപരും: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി കൊല്ലുമെന്ന് പറഞ്ഞാണ് അതിക്രമിച്ചു കയറിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. അതിക്രമിച്ചു കയറിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലീസ് ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കിയിരുന്നു. മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും കൊടികളും ബാനറുകളും തകര്‍ക്കുകയുണ്ടായി. ഇതിനിടെയാണ് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കടന്നു കയറിയത്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, മറ്റു രണ്ടു പ്രവര്‍ത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് അകത്തേക്ക് അതിക്രമിച്ചു കയറിയത്. രണ്ട് പേരെ ഗെയ്റ്റില്‍ സുരക്ഷയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരാളെ വസതിയിക്ക് സമീപത്ത് വെച്ച് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളാണ് തടഞ്ഞത്. ഇവരെ പിന്നീട് പോലീസിന് കൈമാറി'. പത്രക്കുറിപ്പില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു
കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
'ഉച്ചയ്ക്ക് 12.20 ന് ആയുധങ്ങളുമായി മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. 'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....' എന്ന് ആക്രോശിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേര്‍ പോലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവച്ചു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോയി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്റോണ്‍മെന്റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു.
മാരാകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും' പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പത്രകുറിപ്പില്‍ അറിയിച്ചു.
Content Highlights: DYFI workers broke into the Cantonment House and arrived with weapons-allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..