കറുകച്ചാല്‍: കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ സ്‌കൂളിലെത്തിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ പാലമറ്റം സ്വദേശിയെയാണ് ഇവര്‍ സ്‌കൂളിലെത്തിച്ചത്.

ഞായറാഴ്ച വൈകീട്ട് കുട്ടിയെ സ്‌കൂളിലെത്തിക്കാനായി രക്ഷിതാക്കള്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ വിവരമറിയിച്ചിരുന്നു. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവര്‍ വരാന്‍ മടിച്ചു. നാട്ടുകാരില്‍ പലരോടും ആവശ്യം ഉന്നയിച്ചെങ്കിലും അമിതകൂലി ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിയും വീട്ടുകാരും നിരാശയിലായി. പരീക്ഷ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടര്‍ പ്രാകുഴി ഡി.വൈ.എഫ്.ഐ. മാടപ്പള്ളി മേഖലാ സെക്രട്ടറി വൈശാഖിനെയും മനേഷിനെയും വിവരമറിയിച്ചു.

ഡി.ഐ.എഫ്.ഐ. പ്രവര്‍ത്തകനായ പി.എസ്.സജിത്ത് സ്വന്തം കാര്‍ വിട്ടുനല്‍കുകയായിരുന്നു. ഇതോടെ കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ സുമിത്തും ശ്രീലാലും തയ്യാറായി. പി.പി.ഇ. കിറ്റ് ധരിച്ച പെണ്‍കുട്ടിയെ പിന്നിലിരുത്തിയാണ് സ്‌കൂളിലെത്തിച്ചത്. പരീക്ഷ കഴിഞ്ഞ് തിരികെ ഇവര്‍തന്നെ വീട്ടിലുമെത്തിച്ചു. സുമിത്തും ശ്രീലാലും ക്വാറന്റീനില്‍ പ്രവേശിച്ചു. ബുധനാഴ്ചത്തെ പരീക്ഷയ്ക്ക് സജിത്താണ് കുട്ടിയെ കൊണ്ടുപോകുന്നത്.

സ്‌നേഹയാത്ര എന്ന തലക്കെട്ടോടെ മുഹമ്മദ് റിയാസ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പാലമറ്റത്തെ ഈ ''സ്‌നേഹയാത്ര''നന്മ നിറഞ്ഞ മാതൃകയാണെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

DYFI

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

'സ്‌നേഹയാത്ര'' 

കോട്ടയം ജില്ലയിലെ ഉഥഎക ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയില്‍ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിയെ SSLC പരീക്ഷ എഴുതാന്‍ കൊണ്ടുപോയ DYFI സഖാക്കളുടെ സന്നദ്ധ സേവനമാണ് ഇന്നത്തെ ശ്രദ്ധേയ വാര്‍ത്തകളിലൊന്ന്. 

ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവായിരുന്നു തുടക്കത്തില്‍ സ്‌ക്കൂളിലെത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായി.

അതേതുടര്‍ന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്‌ക്കൂളിലെത്തിക്കാന്‍ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലര്‍ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.

എന്നാല്‍, കുട്ടിയെ സ്‌ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ DYFI സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു. കുട്ടിയുമായി അവര്‍ കുറുമ്പനാടം സ്‌കൂളിലേക്ക് പോയി,

പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. പാലമറ്റത്തെ ഈ ''സ്‌നേഹയാത്ര''നന്മ നിറഞ്ഞ മാതൃകയാണ്.

 

Content Higlhlights: DYFI workers arranged vehicle for tenth student who tested positive for Covid 19