എഎ റഹീം, കെ സുധാകരൻ
തിരുവനന്തപുരം: കെ കരുണാകരന്‍ ട്രസ്റ്റ് വിവാദം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കീശയിലുള്ളത് ലീഡര്‍ കരുണാകരനെ വിറ്റ കാശാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു.
കെപിസിസിയുടെ അധ്യക്ഷപദവിയിലിരിക്കുന്ന ആള്‍ കരുണാകരനെ വിറ്റ അഴിമതിക്കാരനാണ്. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 16 കോടിയാണ് കെ സുധാകരന്‍ പിരിച്ചത്. ആ പണത്തെ സംബന്ധിച്ച വിശദാംശങ്ങളോ കണക്കുകളോ സുധാകരന്‍ വിശദീകരിച്ചിട്ടില്ല. ഇന്ന് സുധാകരന്റെ ഏറ്റവും വലിയ വക്താവായി മാറിയിരിക്കുന്നത് അതേ കെ കരുണാകരന്റെ മകനായ കെ മുരളീധരനാണ്. അദ്ദേഹം സുധാകരന്റെ ഭക്തനായി മാറി സുധാകരന് വേണ്ടി സ്തുതി പാടുന്നു. കോണ്‍ഗ്രസിലെ ജനാധിപത്യ വിശ്വാസികളായ കരുണാകരനെ സ്‌നേഹിക്കുന്ന ആളുകള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത് നല്ല കാര്യമാണ്. വിളിക്കണമെന്ന് തന്നെയാണ് ഡിവൈഎഫ്‌ഐയുടേയും അഭിപ്രായം. എന്നാല്‍ അത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. യോഗം വിളിക്കേണ്ട എന്ന നിലപാട് സര്‍ക്കാരിനുണ്ടെന്ന് കരുതുന്നില്ല. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തെ ചില ആര്‍എസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരേ കേരളത്തിന്റെ പൊതുസമൂഹം രംഗത്ത് വരണമെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ വര്‍ഗീയവാദിയെന്നും ശിഖണ്ഡിയെന്നും വിശേഷിപ്പിച്ച സുധാകരന്റെ പ്രസ്തവനയേയും റഹീം വിമര്‍ശിച്ചു. ജെണ്ടര്‍ പൊളിറ്റിക്‌സ് ഒരുപാട് വികസിച്ചതൊന്നും തിരിച്ചറിയാത്ത മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതനാണ് കെ സുധാകരന്‍. അതാണ് സുധാകരന്റെ നിലവാരം. എ വിജയരാഘവന് കെ സുധാകരന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയിലേക്കെത്തിക്കാന്‍ കരാറേറ്റെടുത്ത ആളാണ് സുധാകരന്‍. കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്‍ ആട്ടിയിറക്കി വിടുന്നവരൊന്നും അദ്ദേഹം ആഗ്രഹിച്ചപോലെ ബിജെപിയില്‍ പോയി കയറുന്നില്ലെന്ന വിഷമമാണ് ഇപ്പോള്‍ സുധാകരന് ഉള്ളതെന്നും റഹീം പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..